ദുബായ് : നവംബര്‍ 6 മുതല്‍ 18 വരെ ദുബായ് വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ടില്‍ പ്രത്യേക സ്റ്റാമ്പ് പതിക്കുമെന്ന് അധികൃതര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് എയര്‍ഷോയുമായി ബന്ധപ്പെട്ടാണിത്.
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അല്ലെങ്കില്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വഴിയാണ് പറക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സ്റ്റാമ്പ് പതിക്കും. ദുബായ് എയര്‍ഷോ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രദര്‍ശനത്തിനാണ് ഒരുങ്ങുന്നത്.
എയ്‌റോസ്‌പേസ് വ്യവസായത്തിന്റെ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദുബായ് എയര്‍ഷോയുടെ 18 ാമത് എഡിഷന്‍ ‘വിമാന, ബഹിരാകാശ വ്യവസായങ്ങളെ പുനര്‍നിര്‍വചിക്കാന്‍ പോകുന്ന’ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും ട്രെന്‍ഡുകളും ഉല്‍പ്പന്ന ശ്രേണിയും പ്രദര്‍ശിപ്പിക്കും.
നവംബര്‍ 13 മുതല്‍ 17 വരെ ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ (ഡിഡബ്ല്യുസി) നടക്കുന്ന വന്‍മേള 95 രാജ്യങ്ങളില്‍ നിന്നുള്ള 1,400 ലധികം പ്രദര്‍ശകരെ ഒരുമിപ്പിക്കും. വാണിജ്യ ഏവിയേഷന്‍, അഡ്വാന്‍സ്ഡ് ഏരിയല്‍ മൊബിലിറ്റി, ബഹിരാകാശം, പ്രതിരോധം, മിലിട്ടറി, ബിസിനസ് ഏവിയേഷന്‍, എയര്‍ ട്രാഫിക് മാനേജ്‌മെന്റ് എന്നിവയുള്‍പ്പെടെ 400 പ്രദര്‍ശനക്കാരും 80ലധികം സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടുന്നു.