ജിദ്ദ : ഈ വർഷം മൂന്നാം പാദത്തിൽ സൗദി ഗവൺമെന്റിന്റെ പെട്രോളിതര വരുമാനത്തിൽ 53 ശതമാനം വളർച്ച രേഖപ്പെടുത്തി. മൂന്നാം പാദത്തിൽ പെട്രോളിതര വരുമാനം 111.5 ബില്യൺ റിയാലായി ഉയർന്നു. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിൽ ഇത് 72.84 ബില്യൺ റിയാലായിരുന്നു.
മൂന്നാം പാദത്തിൽ ആകെ പൊതുവരുമാനം 258.5 ബില്യൺ റിയാലും പൊതുധനവിനിയോഗം 294.3 ബില്യൺ റിയാലും കമ്മി 35.8 ബില്യൺ റിയാലുമാണ്. ആഗോള വിപണിയിൽ എണ്ണ വില കുറയുകയും സൗദി അറേബ്യ എണ്ണയുൽപാദനത്തിൽ സ്വമേധയാ അധിക കുറവ് വരുത്തുകയും ചെയ്തതിന്റെ ഫലമായി എണ്ണ വരുമാനം 36 ശതമാനം തോതിൽ ഇടിഞ്ഞിട്ടും പൊതുധനവിനിയോഗം രണ്ടു ശതമാനം തോതിൽ സർക്കാർ ഉയർത്തി. പെട്രോളിതര വരുമാനം വർധിച്ചത് പൊതുധനവിനിയോഗം ഉയർത്താൻ സർക്കാറിന് സഹായകമായി. പാദവാർഷിക അടിസ്ഥാനത്തിൽ ധനമന്ത്രാലയം ബജറ്റ് കണക്കുകൾ പുറത്തുവിടാൻ തുടങ്ങിയ ശേഷം ഒരു പാദവർഷത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പെട്രോളിതര വരുമാനമാണ് മൂന്നാം പാദത്തിലെത്.
മൂന്നാം പാദത്തിൽ എണ്ണ മേഖലാ വരുമാനം 147 ബില്യൺ റിയാലായി കുറഞ്ഞു. ഒമ്പതു പാദവർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വരുമാനമാണിത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ എണ്ണ വരുമാനം 229 ബില്യൺ റിയാലായിരുന്നു. മൂന്നാം പാദത്തിലെ പൊതുവരുമാനത്തിന്റെ 50 ശതമാനം എണ്ണ മേഖലയിൽ നിന്നാണ്. എണ്ണയിതര വരുമാനത്തിന്റെ 63 ശതമാനവും ചരക്ക്, സേവന നികുതിയാണ്. മൂന്നു മാസത്തിനിടെ ചരക്ക്, സേവന നികുതി ഇനത്തിൽ 70.3 ബില്യൺ റിയാൽ വരുമാനം ലഭിച്ചു. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഇത് 44.8 ബില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ ചരക്ക്, സേവന നികുതി വരുമാനത്തിൽ 150 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഈ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് 44 ബില്യൺ റിയാൽ ബജറ്റ് കമ്മി രേഖപ്പെടുത്തി. ഇത് വിദേശങ്ങളിൽ നിന്ന് കടമെടുത്ത് നികത്തുമെന്ന് ധനമന്ത്രാലയം പറഞ്ഞു. ഈ വർഷം ആദ്യ പാദത്തിൽ 2.9 ബില്യൺ റിയാലും രണ്ടാം പാദത്തിൽ 5.3 ബില്യൺ റിയാലുമായിരുന്നു കമ്മി. കഴിഞ്ഞ വർഷം സൗദി അറേബ്യ 27 ബില്യൺ ഡോളർ മിച്ചം രേഖപ്പെടുത്തിയിരുന്നു. ഒമ്പതു വർഷത്തിനിടെ രേഖപ്പെടുത്തുന്ന ആദ്യത്തെ മിച്ചമാണിത്.