റിയാദ് – എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും ഇടപാടുകളിലും ഗ്രിഗോറിയൻ തീയതി അടിസ്ഥാനമാക്കി കാലയളവുകൾ കണക്കാക്കാനുള്ള സൗദി മന്ത്രിസഭാ യോഗ തീരുമാനം ആഗോള വ്യാപാരമേഖലക്ക് ഉണർവേകും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം അംഗീകരിച്ചത്. ഹിജ്‌റ കലണ്ടർ പ്രകാരമുള്ള തീയതിയെ അടിസ്ഥാനമാക്കി കാലയളവുകൾ കണക്കാക്കുന്ന, ഇസ്‌ലാമിക ശരീഅത്തിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ടവയും ഹിജ്‌റ തീയതിയുടെ അടിസ്ഥാനത്തിൽ കാലയളവ് കണക്കാക്കണമെന്ന് പ്രത്യേകം അനുശാസിക്കുന്നവയും ഒഴികെയുള്ള എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും ഇടപാടുകളിലും ഗ്രിഗോറിയൻ തീയതി അടിസ്ഥാനമാക്കി ഇനി മുതൽ കാലയളവുകൾ കണക്കാക്കാനാണ് മന്ത്രിസഭാ തീരുമാനം.
നേരിട്ടുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കൽ, സെൻട്രൽ ബാങ്കുകളുടെ പ്രവർത്തനം, ആണവ സുരക്ഷയും റേഡിയേഷൻ സംരക്ഷണവും, ഇരട്ട നികുതി ഒഴിവാക്കൽ, നികുതി വെട്ടിപ്പ് തടയൽ എന്നീ മേഖലകളിൽ പരസ്പര സഹകരണത്തിന് ഖത്തറുമായി ചർച്ചകൾ നടത്തി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഗാസ യുദ്ധം അവസാനിപ്പിക്കാനും അടിയന്തിര റിലീഫ് വസ്തുക്കൾ എത്തിക്കാനും ഫലസ്തീൻ പ്രശ്‌നത്തിന് നീതിപൂർവകവും സമഗ്രവുമായ പരിഹാരമുണ്ടാക്കാനും അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുന്നതിന് വ്യത്യസ്ത തലങ്ങളിൽ സൗദി അറേബ്യ നടത്തുന്ന നയതന്ത്ര ശ്രമങ്ങൾ മന്ത്രിസഭാ യോഗം വിലയിരുത്തി.