മക്ക : കാലാവധി തീർന്ന് കേടായ ഭക്ഷ്യവസ്തുക്കൾ വിൽപനക്ക് സൂക്ഷിച്ചതിന് മക്കയിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് (ബ്രോസ്റ്റ് കട) ഉടമയായ സൗദി വനിതക്കും സ്ഥാപന നടത്തിപ്പ് ചുമതല വഹിക്കുന്ന മലയാളിക്കും ശിക്ഷ. അൽറീഫ് ബ്രോസ്റ്റ് റെസ്റ്റോറന്റ് ഫോർ ഫാസ്റ്റ്ഫുഡ് എന്ന സ്ഥാപനത്തിന്റെ ഉടമയായ സൗദി വനിത സാഫിനാസ് അബ്ദുൽമലിക് ജസ്തനിയ, സ്ഥാപനത്തിന്റെ ദൈനംദിന നടത്തിപ്പ് ചുമതല വഹിക്കുന്ന മലയാളി അബ്ദുറശീദ് വാലപ്ര എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം ലംഘിച്ചതിന് ഇന്ത്യക്കാരനും സൗദി വനിതക്കും മക്ക ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
സ്ഥാപനത്തിൽ കണ്ടെത്തിയ കാലാവധി തീർന്ന ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാനും സ്ഥാപനം ഒരു മാസത്തേക്ക് അടപ്പിക്കാനും വിധിയുണ്ട്. ഉടമയുടെയും ഇന്ത്യക്കാരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകരുടെ ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു. വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ കാലാവധി തീർന്ന പത്തു കിലോ ബർഗർ ഇറച്ചി കണ്ടെത്തുകയായിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വാണിജ്യ മന്ത്രാലയം നിയമ നടപടികൾക്ക് സൗദി വനിതക്കും മലയാളിക്കും എതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
സൗദിയിൽ വാണിജ്യ വഞ്ചനാ കേസുകളിലെ കുറ്റക്കാർക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ സൗദിയിൽ നിന്ന് നാടുകടത്തുകയും ചെയ്യും. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ ഉപയോക്താക്കൾ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.