റിയാദ്: രാജ്യത്ത് എല്ലാ ഔദ്യോഗിക കാര്യങ്ങളും ഇടപാടുകളും ഇനി മുതൽ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം. ഔദ്യോഗിക കാര്യങ്ങളുടെയും ഇടപാടുകളുടെയും സമയം കണക്കാക്കുന്നതിനുള്ള അടിസ്ഥാനം അറബിക് കലണ്ടറിൽ നിന്ന് മാറി ഗ്രിഗോറിയൻ കലണ്ടറായാണ് സഊദി അറേബ്യ തീരുമാനിച്ചത്. ഇന്നലെ ചേർന്ന മന്ത്രി സഭ കൗൺസിൽ യോഗം തീരുമാനത്തിന് അംഗീകാരം നൽകി. ഇതോടെ, ഗ്രിഗോറിയൻ കലണ്ടറിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും രാജ്യത്തെ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളുടെയും ഇടപാടുകളുടെയും കാലാവധി കണക്കാക്കുക.ഇത് പ്രകാരം, രാജ്യത്ത് നിലവിൽ നടന്ന് വരുന്ന ഇഖാമ, ഉൾപ്പെടെ വിവിധ ഔദ്യോഗിക രേഖകളുടെയും കാലാവധികൾ ഉൾപ്പെടെ ഇനി മുതൽ ഗ്രിഗോറിയൻ കലണ്ടറിനെ ആശ്രയിച്ചായിരിക്കും എന്നാണ് കരുതുന്നത്. നിലവിൽ ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ ഹിജ്‌രി കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് നടപ്പിലാക്കി വരുന്നത്. എന്നാൽ, ഇഖാമ, ഉൾപ്പെടെയുള്ള ഔദ്യോഗിക കാര്യങ്ങളിൽ മാറ്റം
എന്നാൽ, ചില ഘട്ടങ്ങളിൽ ഹിജ്‌രി തിയ്യതിയെ ആശ്രയിക്കാണും തീരുമാനമുണ്ട്. ഇസ്‌ലാമിക ശരീഅത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഹിജ്‌രി തീയതിയെ അടിസ്ഥാനമാക്കിയുള്ള സമയം ആയിരിക്കും കണക്കാക്കുക. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന ക്യാബിനറ്റിന്റെ പ്രതിവാര സമ്മേളനമാണ് പുതിയ തീരുമാനമെടുത്തത്.
ഔദ്യോഗികവും നിയമപരവുമായ ചില പ്രവർത്തനങ്ങളിൽ സഊദി അറേബ്യ നേരത്തെ തന്നെ ഗ്രിഗോറിയൻ കലണ്ടറിന്റെ അടിസ്ഥാനത്തിൽ കാലയളവ് പരിഗണിക്കാൻ തുടങ്ങിയിരുന്നു. സഊദി അറേബ്യയിൽ ആദ്യ ഔദ്യോഗിക കലണ്ടർ ആയി ഹിജ്‌രി കലണ്ടർ ആണ് ഉപയോഗിക്കുന്നത്. ഇതേ സമയം തന്നെ ഗ്രിഗോറിയൻ രണ്ടാം കലണ്ടറായും ഉപയോഗിക്കുന്നുണ്ട്. ഹിജ്‌രി കലണ്ടർ ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ വർഷത്തിൽ 11 അല്ലെങ്കിൽ 12 ദിവസങ്ങൾ കുറവായിരിക്കും.
നേരത്തെ 2016 ൽ ശമ്പളവും അലവൻസുകളും മറ്റ് പേയ്‌മെന്റുകളും ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക വർഷവുമായി യോജിപ്പിച്ചിരുന്നു. എല്ലാ സിവിൽ മേഖലയിലെ ജീവനക്കാർക്കും ശമ്പളം, വേതനം, ബോണസ്, അലവൻസുകൾ എന്നിവ ഹിജ്‌രി കലണ്ടറിൽ നിന്ന് മാറാൻ ആ വർഷമാണ് മന്ത്രി സഭ തീരുമാനം കൈകൊണ്ടത്.
ഇപ്പോൾ പുതിയ തീരുമാനം കൂടി കൈകൊണ്ടതോടെ ഇസ്‌ലാമിക ശരീഅത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കൊഴികെ മറ്റു മുഴുവൻ കാര്യങ്ങളും ഇനി ഗ്രിഗോറിയൻ വർഷത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.