ദമാം : ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്തെയും ഇന്ത്യൻ തുറമുഖങ്ങളെയും ബന്ധിപ്പിച്ച് പുതിയ ഷിപ്പിംഗ് ലൈൻ ആരംഭിച്ചതായി സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു. ഷിപ്പിംഗ്, ലോജിസ്റ്റിക് സർവീസ് മേഖലയിലെ മുൻനിര ആഗോള കമ്പനിയായ സി.എം.എ.സി.ജി.എം ആണ് ദമാം തുറമുഖത്തെയും ഇന്ത്യൻ തുറമുഖങ്ങളെയു ബന്ധിപ്പിച്ച് ഇന്ത്യ ഗൾഫ് എക്‌സ്പ്രസ് എന്ന പേരിൽ പുതിയ ഷിപ്പിംഗ് ലൈൻ ആരംഭിച്ചിരിക്കുന്നത്. വ്യാപാരവും കയറ്റുമതിയും വർധിപ്പിക്കാനും ലോക വിപണികളുമായി സൗദി അറേബ്യയെ ബന്ധിപ്പിക്കുന്നതിന്റെ കാര്യക്ഷമത ഉയർത്താനും പുതിയ ഷിപ്പിംഗ് ലൈൻ സഹായിക്കും.
ദമാം തുറമുഖത്തിന്റെ പ്രവർത്തന ശേഷികൾ വർധിപ്പിക്കാനും സൗദി അറേബ്യയുടെ മത്സര ശേഷി ഉയർത്താനും കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള സമയം കുറക്കുന്നതിലൂടെ സാമ്പത്തിക വളർച്ച ശക്തമാക്കാനും സൗദി തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്ക ചെലവുകൾ കുറക്കാനും പുതിയ സർവീസ് സഹായിക്കും. ഗതാഗത, ലോജിസ്റ്റിക് സർവീസ് മേഖലയിൽ ആഗോള കേന്ദ്രവും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രവും എന്നോണം സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താനും പുതിയ സർവീസ് സഹായകമാകും.
പുതിയ ഷിപ്പിംഗ് ലൈനിൽ ഇന്ത്യയിലെ ഞാവ ഷേവ (മുംബൈ), മുന്ദ്ര, മംഗലാപുരം, ശ്രീലങ്കയിലെ കൊളംബോ, യു.എ.ഇയിലെ ജബൽ അലി, ഖലീഫ, ഇറാഖിലെ ഉമ്മുഖസർ എന്നീ തുറമുഖങ്ങളെയും ദമാം തുറമുഖത്തെയും ബന്ധിപ്പിച്ച് പ്രതിവാര സർവീസുകൾ നടത്തും. 9,800 കണ്ടെയ്‌നർ ശേഷിയുള്ള നാലു ചരക്കു കപ്പലുകളാണ് പുതിയ ഷിപ്പിംഗ് ലൈനിൽ സർവീസിന് ഉപയോഗിക്കുക.
ദമാം തുറമുഖത്തിന്റെ സ്ഥാനം ശക്തമാക്കാനും കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ഷിപ്പിംഗ് ഏജന്റുമാർക്കും മുന്നിൽ തുറമുഖത്തിന്റെ മത്സരക്ഷമത വർധിപ്പിക്കാനും പുതിയ സർവീസ് സഹായിക്കും. സമുദ്ര ഗതാഗത മേഖലയെ അതിന്റെ പ്രവർത്തനങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കുന്ന നൂതന പശ്ചാത്തല സൗകര്യങ്ങൾ ദമാം തുറമുഖത്തുണ്ട്. എക്‌സ്പ്രസ്‌വേ ശൃംഖലയുമായി ദമാം തുറമുഖത്തെ ബന്ധിപ്പിച്ചിരിക്കുന്നു. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ എല്ലാ നഗരങ്ങളുമായും റെയിൽപാതകളിലും ദമാം തുറമുഖത്തെ ബന്ധിപ്പിച്ചിരിക്കുന്നു. അന്താരാഷ്ട്ര വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഏറ്റവും മികച്ച ഓപ്ഷനായി ദമാം തുറമുഖത്തെ ഇത് മാറ്റുന്നു. ഈ വർഷാദ്യം മുതൽ സൗദിയിലെ തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് സൗദി പോർട്ട്‌സ് അതോറിറ്റി പുതുതായി ഉൾപ്പെടുത്തിയ 25-ാമത്തെ ഷിപ്പിംഗ് ലൈൻ ആണ് ഇന്ത്യ ഗൾഫ് എക്‌സ്പ്രസ്.