ജിദ്ദ : ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യാൻ അടിയന്തിര അറബ് ഉച്ചകോടി വിളിച്ചുചേർക്കാൻ സൗദി അറേബ്യയും ഫലസ്തീനും അടക്കം ഏതാനും രാജ്യങ്ങൾ ശക്തമായ നീക്കങ്ങൾ ആരംഭിച്ചു. ഇക്കാര്യത്തിൽ ഫലസ്തീനും നിലവിൽ അറബ് ഉച്ചകോടി സ്ഥാനം വഹിക്കുന്ന സൗദി അറേബ്യയും ബന്ധപ്പെട്ട രാജ്യങ്ങളും തമ്മിൽ കൂടിയാലോചനകൾ നടക്കുന്നതായി അറബ് ലീഗ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹുസാം സക്കി പറഞ്ഞു.
ഫലസ്തീൻ ജനതക്കെതിരായ ഇസ്രായിലിന്റെ മൃഗീയ ആക്രമണങ്ങൾ അവസാനിപ്പിക്കുന്ന കാര്യം വിശകലനം ചെയ്യാൻ അടിയന്തിര അറബ് ഉച്ചകോടി ചേരണമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഫലസ്തീനികൾക്ക് സ്വന്തം നാട്ടിൽ തുടരാനും ഇസ്രായിൽ അധിനിവേശം അവസാനിപ്പിക്കാനും ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും സാഹചര്യമൊരുക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ അടിയന്തിര ഉച്ചകോടി ചേരണമെന്ന് അറബ് നേതാക്കളോട് അപേക്ഷിക്കുകയാണെന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
ഉച്ചകോടി സംഘടിപ്പിക്കുന്ന കാര്യത്തിൽ സൗദി അറേബ്യയും ഫലസ്തീനും ഏകോപനം നടത്തുന്നുണ്ടെന്ന് അറബ് ലീഗ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി പറഞ്ഞു. എന്നാൽ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ ആവശ്യപ്പെട്ട് അറബ് ലീഗിന് ഇതുവരെ ഔദ്യോഗിക കത്ത് ലഭിച്ചിട്ടില്ല. അടിയന്തിര ഉച്ചകോടി നടക്കാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ സൗദിയിലോ ഈജിപ്തിലോ അടിയന്തിര ഉച്ചകോടി നടത്തുന്നതിന് സമ്മതിക്കാതിരിക്കാൻ മൂന്നിൽ രണ്ട് അംഗങ്ങൾക്കും ബുദ്ധിമുട്ടാകുമെന്ന് ഹുസാം സക്കി പറഞ്ഞു.
ഉച്ചകോടി നടക്കുന്ന രാജ്യവും തീയതിയും നിർണയിക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ ഇപ്പോൾ നടന്നുവരികയാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്തിന്റെ വക്താവ് ജമാൽ റുശ്ദി പറഞ്ഞു. ഉച്ചകോടി സൗദിയിൽ നടക്കാനാണ് കൂടുതൽ സാധ്യതയെന്നും ജമാൽ റുശ്ദി പറഞ്ഞു. 32-ാമത് അറബ് ഉച്ചകോടി കഴിഞ്ഞ മേയിൽ സൗദിയിൽ നടന്നിരുന്നു. അടിയന്തിര ഉച്ചകോടി നടക്കുന്ന പക്ഷം ഗാസയിലെ ഇസ്രായിൽ ആക്രമണം അവസാനിപ്പിക്കൽ, ബന്ദി പ്രശ്‌നം, ഗാസയിൽ സുരക്ഷിതമായും സുസ്ഥിരമായും റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കൽ എന്നീ കാര്യങ്ങൾ ഉച്ചകോടി വിശകലനം ചെയ്യുമെന്ന് ജമാൽ റുശ്ദി പറഞ്ഞു.
അറബ് വിദേശ മന്ത്രിമാർ ഒക്‌ടോബർ 11 ന് കയ്‌റോയിൽ അറബ് ലീഗ് ആസ്ഥാനത്ത് അടിയന്തിര യോഗം ചേർന്ന് ഗാസ പ്രശ്‌നം വിശകലനം ചെയ്തിരുന്നു. ഗാസ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം സത്വര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ അപലപിച്ച യോഗം ഫലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.