ജിദ്ദ : സൗദിയില്‍ പ്രളയത്തില്‍ കുടുങ്ങിയ കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തെക്കുപടിഞ്ഞാറന്‍ സൗദിയിലാണ് സംഭവം. അല്‍ മഖ് വ ഗവര്‍ണറേറ്റിലാണ് കുടുംബം സഞ്ചരിച്ച കാര്‍ ശക്തമായ മഴയിലുണ്ടായ പ്രളയത്തിലകപ്പെട്ടത്.
ശക്തമായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കാര്‍ ഉയര്‍ത്തന്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതാണ് വീഡിയോ.ഒടുവില്‍ യാത്രക്കാരേയും കാറിനേയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തകനെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.
ദൈവം നിനക്ക് കൂടുതല്‍ ശക്തി നല്‍കട്ടെ, അബു മിശാല്‍, എന്നാണ് ബുള്‍ഡോസറില്‍നിന്ന് നിലത്തേക്ക് കാലെടുത്തുവെക്കുമ്പോള്‍ ഒരാള്‍ വിളിച്ചുപറയുന്നത്.
സൗദി അറേബ്യയിലെ അല്‍ ബഹ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് പെയ്തത്.
മഴ കണക്കിലെടുത്ത് മക്ക, തായിഫ്, ഖുന്‍ഫുദ, മദീന എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ ഞായറാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. വിദ്യാലയങ്ങളില്‍ പകരം ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന അറിയിപ്പ്.
മദീന, തബൂക്ക്, അല്‍ ജൗഫ്, അസീര്‍ മേഖലകളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഞായറാഴ്ച മുന്നറിയിപ്പ് ലെവല്‍ ചുവപ്പായി ഉയര്‍ത്തി.
വെള്ളപ്പൊക്ക ബാധിത സ്ഥലങ്ങളിലും കവിഞ്ഞൊഴുകുന്ന താഴ്‌വരകളിലും പോകരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും സൗദി സിവില്‍ ഡിഫന്‍സ് ജനങ്ങളോട് നിര്‍ദ്ദേശിച്ചു.
സൗദിയിൽ പ്രളയത്തിൽ കുടുങ്ങിയ കാർ ബുൾഡോസർ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലായി
