റിയാദ് : ഗാസയിൽ ഇസ്രായിൽ സൈന്യം നടത്തുന്ന യുദ്ധം സംബന്ധിച്ചും ആളുകൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വിവിധ രാജ്യങ്ങളിലെ വിദേശമന്ത്രിമാരുമായി ചർച്ച നടത്തി. വെടിനിർത്തൽ കരാർ കൈവരിക്കുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം അതിന്റെ പങ്ക് നിർവഹിക്കണമെന്നും ഫർഹാൻ ആവശ്യപ്പെട്ടു.
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയനുമായുള്ള ഫോൺ സംഭാഷണത്തിൽ, വെടിനിർത്തൽ കരാർ കൈവരിക്കുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ പങ്ക് വഹിക്കേണ്ടതിന്റെ പ്രാധാന്യം ഫൈസൽ രാജകുമാരൻ ഊന്നിപ്പറഞ്ഞു. കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ വികസിപ്പിക്കാനുള്ള വഴികളും അവലോകനം ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ അംഗീകരിച്ച വെടിനിർത്തൽ പ്രമേയത്തിന് ഫ്രാൻസ് നൽകിയ പിന്തുണയെ അഭിനന്ദിച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയെയും ഫർഹാൻ ഫോൺ ചെയ്തു. ഗാസ മുനമ്പിലെ സൈനിക വർദ്ധനയിലെ സംഭവവികാസങ്ങളും ഗാസ മുനമ്പിലേക്ക് അടിയന്തിരവും ആവശ്യമായതുമായ സഹായം എത്തിക്കുന്നതിന് മാനുഷിക, ദുരിതാശ്വാസ സംഘടനകളെ പ്രാപ്തരാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരുമന്ത്രിമാരും ചർച്ച ചെയ്തു. സ്പാനിഷ് വിദേശ സഹമന്ത്രി ജോസ് മാനുവൽ അൽബറസുമായും മന്ത്രി സംസാരിച്ചു. അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ പ്രമേയത്തിന് മാഡ്രിഡിന്റെ പിന്തുണയെ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു.
ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിന് ഫ്രാൻസ്, സ്‌പെയിൻ, മാൾട്ട, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ പിന്തുണയെ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു.
രക്തച്ചൊരിച്ചിൽ തടയുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനും മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കുന്നത് തടയുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഫൈസൽ രാജകുമാരൻ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെ പിന്തുണച്ച ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രിയെ ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ അഭിനന്ദിച്ചു. രണ്ട് മന്ത്രിമാരും ഗാസ മുനമ്പിലെയും പരിസരങ്ങളിലെയും അപകടകരമായ സാഹചര്യത്തിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു.
ഗാസ വെടിനിർത്തൽ പ്രമേയം; വിദേശമന്ത്രിമാരെ അഭിനന്ദിച്ച് സൗദി
