ജിദ്ദ : ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റാൻ അനുവദിച്ച സാവകാശം ജനുവരി ഒന്നിന് അവസാനിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. 2024 ജനുവരിയോടെ റീജ്യനൽ ആസ്ഥാനങ്ങൾ സൗദിയിലേക്ക് മാറ്റാത്ത ബഹുരാഷ്ട്ര കമ്പനികൾക്ക് സർക്കാർ പദ്ധതികളുടെ കരാറുകൾ അനുവദിക്കുന്നത് നിർത്താനുള്ള തീരുമാനം 2021 ഫെബ്രുവരിയിൽ സൗദി അറേബ്യ അറിയിച്ചിരുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് ശ്രമിച്ചുമാണ് ഈ വ്യവസ്ഥ നടപ്പാക്കുന്നത്. റീജ്യനൽ ആസ്ഥാനങ്ങൾ സൗദിയിലേക്ക് മാറ്റാത്ത ബഹുരാഷ്ട്ര കമ്പനികൾക്ക് സൗദിയിലെ സ്വകാര്യ കമ്പനികളുമായും സ്ഥാപനങ്ങളുമായും തുടർന്നും സഹകരിക്കുന്നതിന് വിലക്കുണ്ടാകില്ല.
വിഷൻ 2030 പ്രഖ്യാപിച്ച ശേഷം പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും സ്വദേശികളെ ശാക്തീകരിക്കാനും സാമ്പത്തിക പരിഷ്‌കരണങ്ങൾ നടപ്പാക്കാനും സൗദി അറേബ്യ പ്രവർത്തിച്ചതായി ധനമന്ത്രി പറഞ്ഞു. ചില അന്താരാഷ്ട്ര സാമ്പത്തിക നയങ്ങളും സംഭവവികാസങ്ങളും വരുമാനം കുറഞ്ഞ രാജ്യങ്ങളെ ഗുരുതരമായി ബാധിക്കുന്നു. ഇത്തരം രാജ്യങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിന് ബഹുകക്ഷി സാമ്പത്തിക വികസന ഏജൻസികളുമായി സൗദി അറേബ്യ സഹകരിക്കുന്നു. പെട്രോളിതര ആഭ്യന്തരോൽപാദനം വർധിപ്പിക്കാനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും വിഷൻ 2030 ഊന്നൽ നൽകുന്നു.
പെട്രോളിതര ആഭ്യന്തരോൽപാദനം തുടർച്ചയായ വളർച്ച കൈവരിച്ചുവരികയാണ്. ഇത് ഹ്രസ്വകാലാടിസ്ഥാനത്തിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വർഷത്തിനിടെ സ്വകാര്യ കമ്പനികളിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് നടത്തിയ പുതിയ നിക്ഷേപങ്ങൾ 300 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. ബ്രിക്‌സ് ഗ്രൂപ്പിൽ ചേരാനുള്ള ക്ഷണം സ്വീകരിക്കുമോയെന്ന കാര്യവും ക്ഷണം സ്വീകരിക്കുന്ന പക്ഷം എന്നു മുതൽ ഗ്രൂപ്പിൽ അംഗമായി ചേരുമെന്ന കാര്യവും സൗദി അറേബ്യ പിന്നീട് അറിയിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മധ്യപൗരസ്ത്യദേശത്ത് അശാന്തി ശമിപ്പിക്കാനാണ് സൗദി അറേബ്യ മുൻഗണന നൽകുന്നത്. മേഖലയിൽ അശാന്തി ഇല്ലാതാക്കാൻ പങ്കാളികളുമായി ചേർന്ന് സൗദി അറേബ്യ വലിയ ശ്രമങ്ങൾ നടത്തുന്നു. ദുരിതമനുഭവിക്കുന്നവരോടും സിവിലിയൻമാരോടും ഇരകളോടും അവർ എവിടെയായിരുന്നാലും സൗദി അറേബ്യ സഹതപിക്കുന്നു. അന്താരാഷ്ട്ര നിയമം മാനിക്കപ്പെടണം. അന്താരാഷ്ട്ര നിയമം മാനിക്കാത്ത പക്ഷം ലോകം അരാജകാവസ്ഥയിലാകും. അതിനാൽ, നമുക്ക് ശാന്തിയും വിവേകവും ആവശ്യമാണ്. ശാന്തി കൈവരിക്കാനും സംഘർഷം കൂടുതൽ രൂക്ഷമാകാതെ നോക്കാനും ആഗോള സമൂഹം സഹകരിക്കണമെന്നും മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.