ജിദ്ദ : സൗദിയില്‍ മൊത്ത, ചില്ലറ, ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ 100 ശതമാനം ഉടമസ്ഥാവകാശത്തോടെ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വിദേശ കമ്പനികള്‍ക്ക് മൂന്നു കോടി റിയാല്‍ മിനിമം മൂലധനം വേണമെന്ന് വ്യവസ്ഥയുള്ളതായി നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ ചുരുങ്ങിയത് മൂന്നു പ്രാദേശിക, അന്താരാഷ്ട്ര വിപണികളിലെങ്കിലും കമ്പനികള്‍ക്ക് സാന്നിധ്യവുമുണ്ടാകണം. ഇക്കാര്യം സ്ഥിരീകരിച്ച് ബന്ധപ്പെട്ട രാജ്യങ്ങളിലെ സൗദി എംബസികള്‍ നല്‍കുന്ന അറ്റസ്റ്റ് ചെയ്ത രേഖ സമര്‍പ്പിക്കണം. കൂടാതെ കമ്പനിയുടെ അവസാന സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റും സൗദി എംബസിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്ത് സമര്‍പ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിര്‍ണയിക്കുന്ന സൗദിവല്‍ക്കണ വ്യവസ്ഥകള്‍ കമ്പനികള്‍ പാലിക്കണം. കൂടാതെ 30 ശതമാനം സൗദി ജീവനക്കാര്‍ക്ക് എല്ലാ വര്‍ഷവും പരിശീലനം നല്‍കാനും കമ്പനികള്‍ ബാധ്യസ്ഥമായിരിക്കും. ലൈസന്‍സ് നേടി ആദ്യത്തെ അഞ്ചു വര്‍ഷത്തിനുള്ളില്‍ 20 കോടി റിയാലിലോ 30 കോടി റിയാലിലോ കുറയാത്ത നിക്ഷേപം കമ്പനി സൗദിയില്‍ നടത്തണമെന്നും വ്യവസ്ഥയുണ്ട്.