ജിദ്ദ : ഓഗസ്റ്റിൽ സൗദി അറേബ്യയുടെ കയറ്റുമതി 23.4 ശതമാനം തോതിൽ കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റിൽ 102.4 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് കയറ്റി അയച്ചത്. കഴിഞ്ഞ കൊല്ലം ഓഗസ്റ്റിൽ കയറ്റുമതി 133.6 ബില്യൺ റിയാലായിരുന്നു. എണ്ണ കയറ്റുമതി 27.1 ശതമാനം തോതിൽ കുറഞ്ഞതാണ് ആകെ കയറ്റുമതിയെ ബാധിച്ചത്. ഓഗസ്റ്റിൽ 77.9 ബില്യൺ റിയാലിന്റെ എണ്ണയാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. 2022 ഓഗസ്റ്റിൽ എണ്ണ കയറ്റുമതി വരുമാനം 107.8 ബില്യൺ റിയാലായിരുന്നു. എണ്ണ കയറ്റുമതി വരുമാനത്തിൽ 28.9 ബില്യൺ റിയാലിന്റെ കുറവ് ഓഗസ്റ്റിൽ രേഖപ്പെടുത്തി.
ആകെ കയറ്റുമതിയിൽ എണ്ണ കയറ്റുമതി വരുമാനം 79.9 ശതമാനത്തിൽ നിന്ന് 76.1 ശതമാനമായി കുറഞ്ഞു. എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ കയറ്റുമതി 11.3 ശതമാനം തോതിൽ വർധിച്ചു. കയറ്റുമതിയിൽ 10.4 ബില്യൺ റിയാലിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിൽ പെട്രോളിതര കയറ്റുമതി 24.5 ബില്യൺ റിയാലായി കുറഞ്ഞു. 2022 ഓഗസ്റ്റിൽ ഇത് 26.8 ബില്യൺ റിയാലായിരുന്നു. പെട്രോളിതര കയറ്റുമതി 8.6 ശതമാനം തോതിലാണ് കുറഞ്ഞത്. എന്നാൽ ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ പെട്രോളിതര കയറ്റുമതി 12.2 ശതമാനം തോതിൽ വർധിച്ചു.
ഓഗസ്റ്റിൽ വിദേശ രാജ്യങ്ങളിൽ നിന്ന് 61.5 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. ഇറക്കുമതി 3.6 ശതമാനം തോതിൽ കുറഞ്ഞു. ഇറക്കുമതിയിൽ 2.3 ബില്യൺ റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇറക്കുമതി 63.8 ബില്യൺ റിയാലായിരുന്നു. ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ ഇറക്കുമതി 12.1 ശതമാനം (8.5 ബില്യൺ റിയാൽ) തോതിലും കുറഞ്ഞു. തുടർച്ചയായി
37-ാം മാസമാണ് സൗദി അറേബ്യ വിദേശ വ്യാപാരത്തിൽ മിച്ചം കൈവരിക്കുന്നത്.
ഓഗസ്റ്റിൽ ആകെ കയറ്റുമതിയുടെ 13.4 ശതമാനം ചൈനയിലേക്കായിരുന്നു. ചൈനയിലേക്ക് 13.7 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയച്ചു. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയിലേക്ക് 9.1 ബില്യൺ റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലേക്ക് 8.3 ബില്യൺ റിയാലിന്റെയും ഉൽപന്നങ്ങൾ കയറ്റി അയച്ചു. ജപ്പാൻ, യു.എ.ഇ, അമേരിക്ക, ഈജിപ്ത്, തായ്‌വാൻ, പോളണ്ട്, ബഹ്‌റൈൻ, മലേഷ്യ എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ഇറക്കുമതിയിലും ഒന്നാം സ്ഥാനത്ത് ചൈനയാണ്. ഓഗസ്റ്റിൽ ചൈനയിൽ നിന്ന് 11.8 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. ആകെ ഇറക്കുമതിയുടെ 19.3 ശതമാനം ചൈനയിൽ നിന്നായിരുന്നു. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിൽ നിന്ന് ആറ് ബില്യൺ റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള യു.എ.ഇയിൽ നിന്ന് 3.6 ബില്യൺ റിയാലിന്റെയും ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. ഇന്ത്യ, ജർമനി, ജപ്പാൻ, സ്വിറ്റ്‌സർലാന്റ്, സിങ്കപ്പൂർ, ഇറ്റലി, കൊറിയ എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ഇറക്കുമതിയുടെ 27.7 ശതമാനം (17.1 ബില്യൺ റിയാൽ) ജിദ്ദ തുറമുഖം വഴിയായിരുന്നു. ഇറക്കുമതിയുടെ 16.3 ശതമാനം ദമാം തുറമുഖം വഴിയും 12.2 ശതമാനം റിയാദ് എയർപോർട്ട് വഴിയും 7.5 ശതമാനം ജിദ്ദ വിമാനത്താവളം വഴിയും 6.8 ശതമാനം ദമാം എയർപോർട്ട് വഴിയുമായിരുന്നു.
ഓഗസ്റ്റിലെ ഇറക്കുമതിയുടെ 70 ശതമാനവും ഈ അഞ്ച് അതിർത്തി പ്രവേശന കവാടങ്ങളും വഴിയായിരുന്നെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.