ജിദ്ദ : ഒറ്റ വിസയില്‍ ആറു ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ ഗള്‍ഫ് രാജ്യങ്ങളിലെ ബന്ധപ്പെട്ട സംവിധാനങ്ങളുടെ സുസജ്ജതക്ക് അനുസരിച്ച് അടുത്ത കൊല്ലമോ അതിനടുത്ത വര്‍ഷമോ പ്രാബല്യത്തില്‍ വരുമെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍മരി പറഞ്ഞു. ഏകീകൃത ടൂറിസ്റ്റ് വിസാ സംവിധാനം ഗള്‍ഫ് ടൂറിസം മന്ത്രിമാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗം വിശകലനം ചെയ്യും. ഇതിനു ശേഷം അന്തിമാംഗീകാരത്തിനായി പദ്ധതി അടുത്ത ഗള്‍ഫ് ഉച്ചകോടിക്ക് സമര്‍പ്പിക്കും.
സൗദിയില്‍ ടൂറിസം മേഖലയിലുള്ള അഭിവൃദ്ധി മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടും. ഒറ്റ വിസയില്‍ പല ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് അവസരമൊരുക്കുന്ന ഗള്‍ഫ് ടൂറിസ്റ്റ് വിസ വൈകാതെ നടപ്പാക്കും. യു.എ.ഇയില്‍ നടപ്പാക്കാനിരിക്കുന്ന പുതിയ വിസാ സംവിധാനം ഗള്‍ഫില്‍ കഴിയുന്ന വിദേശികളുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുമെന്നും യു.എ.ഇ സാമ്പത്തിക മന്ത്രി പറഞ്ഞു.