റിയാദ് : സൗദി അറേബ്യയിലെ ഉന്നതപഠനത്തിന്റെയും ശാസ്ത്ര ഗവേഷണ സംവിധാനത്തിന്റെയും വികസനം ലക്ഷ്യമാക്കി രാജ്യത്ത് വിദേശ സർവകലാശാലകൾക്ക് ശാഖകൾ തുറക്കാൻ അനുമതി. രാജ്യത്ത് യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസ ഓപ്ഷനുകൾ വൈവിധ്യവത്കരിക്കുക, വികസന ആവശ്യകതകൾ നിറവേറ്റുന്ന വിദ്യാഭ്യാസം നൽകുക എന്നിവ മുൻനിർത്തി സൗദി വിദ്യാഭ്യാസ നയത്തിന്റെ ചട്ടക്കൂടിൽനിന്ന് വിദേശ സർവകലാശാലകൾക്ക് ശാഖകൾ തുറക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ കൗൺസിൽ ഓഫ് യൂനിവേഴ്‌സിറ്റി അഫയേഴ്‌സ് വ്യക്തമാക്കി.
വിദേശ സർവകലാശാല ശാഖ തുറക്കുന്നതിന് അംഗീകാരം നൽകുന്നതിനുള്ള ശുപാർശയിൽ അധ്യയന മീഡിയം പ്രത്യേക ഭാഷയിൽ ആകണമെന്ന് നിബന്ധനയില്ലെങ്കിൽ മാതൃസ്ഥാപനത്തിന്റെ മീഡിയം തന്നെ ഉപയോഗിക്കാവുന്നതാണ്. ഒരു വിദേശ സർവകലാശാല അതിന്റെ ബ്രാഞ്ച് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ വിദേശ സർവകലാശാലയോ അതിന്റെ പ്രതിനിധിയോ ആണ് കൗൺസിലിന് സമർപ്പിക്കേണ്ടത്. സർവകലാശാലയെക്കുറിച്ചുള്ള വിവരങ്ങളും അതിന്റെ പേരും സ്ഥലവും സ്ഥാപിച്ച തീയതിയും അത് വാഗ്ദാനം ചെയ്യുന്ന സ്‌പെഷ്യലൈസേഷനുകളും മറ്റു ശാഖകളുടെ വിവരങ്ങളും അതോടൊപ്പം നൽകണം.
സർവകലാശാല ശാഖ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്യുന്ന പഠന റിപ്പോർട്ടും ഇതോടൊപ്പം സമർപ്പിക്കണം. കൂടാതെ സർവകലാശാല ബ്രാഞ്ച് ഉൾപ്പെടുന്ന കോളേജുകൾ, ഡിപ്പാർട്ട്‌മെന്റുകൾ, ഗവേഷണ യൂനിറ്റുകൾ, സയന്റിഫിക് സ്‌പെഷ്യലൈസേഷനുകൾ എന്നിവയുടെ പ്രസ്താവനയും സമർപ്പിക്കണം. എന്നാണ് സൗദിയിലെ സർവകലാശാല ശാഖയിൽ പഠനം തുടങ്ങുകയെന്നും അറിയിക്കണം.
ശാഖ സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചാൽ ഉടമ പ്രത്യേക ലൈസൻസ് എടുക്കണം. ലൈസൻസ് എടുക്കാതെ സർവകലാശാല തുടങ്ങാനാവില്ല. മന്ത്രിയാണ് അന്തിമാനുമതി നൽകേണ്ടത്. യൂനിവേഴ്‌സിറ്റികൾക്കുള്ളിൽ കോളേജുകൾ തുടങ്ങൽ, പ്രിൻസിപ്പലിനെ നിയമിക്കൽ, അക്കാദമിക് പ്രോഗ്രാമുകൾ ചേർക്കൽ, ശാസ്ത്രീയ പരിപാടികൾ നടക്കൽ തുടങ്ങിയവക്കും അനുമതി ആവശ്യമാണ്.
മാതൃയൂനിവേഴ്‌സിറ്റിയിലെ അധ്യയന ഭാഷയാണ് ഇവിടെ അധ്യയന മീഡിയമായി ഉപയോഗിക്കേണ്ടത്. ശാഖ നൽകുന്ന സർട്ടിഫിക്കറ്റ് മാതൃസ്ഥാപനം സാക്ഷ്യപ്പെടുത്തണം. കൗൺസിലിന്റെ അനുമതിയില്ലാതെ ശാഖയുടെ പ്രവർത്തനം അവസാനിപ്പിക്കാനോ ഉടമസ്ഥാവകാശം മാറ്റാനോ പാടില്ല. സർവകലാശാല ബ്രാഞ്ച് അക്കാദമികമായോ ഭരണപരമായോ സാമ്പത്തികമായോ തകരുമ്പോൾ വിദ്യാർഥികൾ അവരുടെ പഠനം പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ തീരുമാനങ്ങളും നടപടികളും എടുക്കാൻ കൗൺസിലിന് അവകാശമുണ്ട്. വിദേശ സർവകലാശാല ചട്ടങ്ങൾ ലംഘിച്ചാൽ മന്ത്രിക്കോ കൗൺസിലിനോ നടപടിയെടുക്കാൻ സാധിക്കും. രേഖാമൂലമുള്ള മുന്നറിയിപ്പ്, പ്രവേശനം താത്കാലികമായി കുറക്കൽ, ഒന്നോ അതിലധികമോ സെമസ്റ്ററിലേക്കോ പഠന പ്രോഗ്രാമുകളിലേക്കോ ഉള്ള പ്രവേശനം നിർത്തിവെക്കൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാവുന്നതാണ്. നിയമ ലംഘനങ്ങളുടെ ഗൗരവത്തിനനുസരിച്ച് നടപടികളിൽ മാറ്റമുണ്ടാകും. നിയമ ലംഘനങ്ങളും പരാതികളും പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങളും പിഴകൾ ചുമത്താനുള്ള അധികാരവും എക്‌സിക്യൂട്ടീവിൽ നിക്ഷിപ്തമാണ്.