റിയാദ് : അറബിക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് സൗദി അറേബ്യയുടെ കാലാവസ്ഥയെ പരോക്ഷമായി ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി വ്യക്തമാക്കി. ചൊവ്വ മുതല്‍ വ്യാഴം വരെ രാജ്യത്തിന്റെ പല ഭാഗങ്ങളും മഴക്കും കാറ്റിനും സാധ്യതയുണ്ട.
ഒമാനിനോട് ചേര്‍ന്ന് കിടക്കുന്ന റുബുല്‍ ഖാലി മരുഭൂമി, നജ്‌റാന്‍, ഖര്‍ഖീര്‍, ശറൂറ എന്നിവിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇവിടങ്ങളില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ പൊടിക്കാറ്റുമുണ്ടാകും.
അറബിക്കടലില്‍ വടക്ക് പടിഞ്ഞാര്‍, പടിഞ്ഞാര്‍ ഭാഗങ്ങളിലേക്ക് നീങ്ങുന്നതിനാല്‍ അടുത്ത മണിക്കൂറുകളില്‍ തേജ് ചുഴലിക്കാറ്റിന് ശക്തിയേറും. ഒമാന്‍, യമന്‍ തീരത്തോട് അടുത്തുവരുന്നുണ്ടെങ്കിലും അവിടെയെത്തുമ്പോഴേക്ക് കാറ്റഗറി 2 ചുഴലിക്കാറ്റായി മാറും. ഇത് തീരങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും കാരണമാകും. തിരമാലകള്‍ ഉയര്‍ന്നുപൊങ്ങും. ചില തീരപ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാക്കിയേക്കും. അറബിക്കടലില്‍ തിരമാല അഞ്ച് മീറ്റര്‍ വരെ ഉയരത്തിലെത്തും. ഒമാനിലെ ദുഫാര്‍, അല്‍മഹ്‌റ ജില്ലകളില്‍ ജലനിരപ്പ് ഉയരും. ദുഫാര്‍, അല്‍വുസ്ഥ മേഖലകളിലും യമനിലെ ഹളര്‍മൗത്തിലും തിങ്കളാഴ്ച മൂന്നാം കാറ്റഗറിയിലുള്ള ചുഴലിക്കാറ്റാണ് വീശുക. ചൊവ്വാഴ്ച ഒമാന്‍, യമന്‍ അതിര്‍ത്തി പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഒന്നാം കാറ്റഗറിയിലുള്ള ചുഴലിക്കാറ്റായി മാറും. അദ്ദേഹം പറഞ്ഞു.