അൽഅഹ്ലി ആശുപത്രിക്കു പിന്നാലെ ഗസ്സയിൽ വീണ്ടും ആശുപത്രികളെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഗസ്സ മുനമ്പിലെ അൽഖുദുസ് ആശുപത്രി ആക്രമിക്കുമെന്ന് ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകിയതായി വെളിപ്പെടുത്തൽ. ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി(പി.ആർ.സി.എസ്) ആണു വിവരം പുറത്തുവിട്ടത്.
അൽഖുദുസ് ആശുപത്രി എത്രയും വേഗം ഒഴിപ്പിക്കണമെന്നാണ് ഇസ്രായേൽ അന്ത്യശാസനം നൽകിയിട്ടുള്ളത്. ഇസ്രായേൽ ആക്രമണത്തിൽ ഭവനരഹിതരായ 12,000ത്തോളം പേർ ഇവിടെ കഴിയുന്നുണ്ട്. ഇതിൽ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. ഇസ്രായേൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇവരുടെ ജീവൻ അപകടത്തിലാണെന്ന് പി.ആർ.സി.എസ് സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു. ഇത് വരെ ഗസ്സയിൽ 4150 ഫലസ്തീനികളാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
”ഈ മുന്നറിപ്പുകൾ യാഥാർത്ഥ്യമായാൽ ഈ സ്ഥലം ചാരമായിമാറും. നിരപരാധികളായ സിവിലിയന്മാർ കഴിയുന്ന ആശുപത്രികൾ ബോംബിട്ടു തകർക്കുമെന്നു ഭീഷണിപ്പെടുത്തുന്ന ഇസ്രായേൽ അധിനിവേശ സേനയെ തടഞ്ഞുനിർത്താൻ ശേഷിയുള്ള ഒരു ലോകശക്തിയുമില്ലേ ഇവിടെ? അൽഅഹ്ലി ആശുപത്രിക്കു സമാനമായ മറ്റൊരു ദുരന്തം ആവർത്തിക്കുന്നതു തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം”-റെഡ് ക്രസന്റ് ആവശ്യപ്പെട്ടു.
ദിവസങ്ങൾക്കുമുൻപ് അൽഅഹലി ആശുപത്രിക്കുനേരെയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ അഞ്ഞൂറോളം പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തമൊഴിയുകയാണ് ഇസ്രായേൽ ചെയ്തത്. ഗസ്സയിലെ ഇസ്‌ലാമിക് ജിഹാദിന്റെ റോക്കറ്റുകൾ വഴിമാറി ആശുപത്രിയിൽ പതിക്കുകയാണുണ്ടായതെന്നാണ് ഇസ്രായേൽ അവകാശവാദം. എന്നാല്‍, ഇക്കാര്യം തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അവര്‍ക്കായിട്ടില്ല.
ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിൽ ഇതുവരെ 5500 കെട്ടിടങ്ങൾ ഇസ്രായേൽ സേന തകർത്തു. ഇവയിൽ 14,000 പാർപ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സർക്കാർ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. 160 സ്‌കൂളുകൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ഇവയിൽ 19 എണ്ണം പൂർണമായും തകർന്ന സ്ഥിതിയിലാണ്.
അതേ സമയം സൈപ്രസിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വെടിനിർത്തൽ നിർദേശം ഇസ്രായേൽ തള്ളിയതായി ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് വ്യക്തമാക്കി.
യുദ്ധത്തിൽ മനുഷ്യാവകാശങ്ങളും കുഞ്ഞുങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും ഗസ്സയിലെ മാനുഷിക പ്രതിസന്ധി ഫലസ്തീൻ പ്രശ്നപരിഹാരത്തിൽ അന്തർദേശീയ സമൂഹം പരാജയപ്പെട്ടതിന്റെ ഫലമാണെന്നും കുവൈത്ത് കിരീടാവകാശി പറഞ്ഞു. അന്തർദേശീയ സമൂഹം ഇസ്രായേൽ അതിക്രമങ്ങളുടെ കാര്യത്തിൽ പുലർത്തുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
കരയുദ്ധത്തിലൂടെ ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ലിബിയൻ പ്രസിഡൻഷ്യൽ കൗൺസിൽ തലവൻ മുന്നറിയിപ്പ് നൽകി.
അതേ സമയം ഈജിപ്തിൽ നിന്ന് ഗസ്സയിലേക്കുള്ള റഫാ അതിർത്തി തുറന്നു. എന്നാൽ ഗസ്സയിലേക്ക് ഇന്ധനം അനുവദിക്കില്ലെന്ന് ഇസ്രായേൽ പറഞ്ഞു. മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് റഫാ അതിർത്തി കടന്നു. കൂടുതൽ ട്രക്കുകൾ നീങ്ങി തുടങ്ങിയിരിക്കുകയാണ്. റഫ അതിർത്തി വഴി സഹായ ഉൽപന്നങ്ങളുമായി ഇരുപത് ട്രക്കുകൾ ഇന്ന് ഗസ്സയിലേക്ക് നീങ്ങുമെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു.
ദിവസങ്ങളായി ഉപരോധത്തിലമർന്ന ഗസ്സയിലേക്ക് ഇരുപത് ട്രക്കുകൾ മാത്രമെത്തിയത് കൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീർണമാണ്. അതേസമയം, റഫാ അതിർത്തിയിലൂടെ ഗസ്സയിൽ കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല