ജിദ്ദ – ഡ്രൈവർ പ്രൊഫഷനിലുള്ള വിസയിൽ വിദേശങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് സ്വന്തം രാജ്യത്തു നിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാവുന്നതാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. ഇത്തരക്കാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസുകൾ ഉപയോഗിച്ച് മൂന്നു മാസത്തിൽ കവിയാത്ത കാലം സൗദിയിൽ വാഹനമോടിക്കാൻ സാധിക്കും. ഇതിന് അംഗീകൃത കേന്ദ്രത്തിൽ നിന്ന് വിദേശ ഡ്രൈവിംഗ് ലൈസൻസ് ട്രാന്സിലേറ്റ് ചെയ്ത് കൂടെ കരുതണം. കൂടാതെ ഡ്രൈവർ വിസയിൽ എത്തുന്ന വിദേശി ഓടിക്കുന്ന വാഹനത്തിന് അനുസൃതമായ ലൈസൻസ് ആയിരിക്കണം ഉണ്ടാകേണ്ടതെന്നും വ്യവസ്ഥയുണ്ട്. വിദേശത്ത് ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് അതേ വാഹനം മാത്രമേ സൗദിയിലും ഓടിക്കാനാകൂ. ഹെവി ലൈസന്‍സുള്ളയാള്‍ക്ക് ഹെവി വാഹനങ്ങളും ഓടിക്കാം. ഇതുമായി ബന്ധപ്പെട്ട് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം ആവര്‍ത്തിച്ചത്.