ദുബായ് : ദുബായില്‍ താമസിക്കുന്നവര്‍ക്ക് സമീപഭാവിയില്‍ പാസ്‌പോര്‍ട്ടോ വിസയോ യാത്രാ രേഖകളോ ഇല്ലാതെ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യാം. തിങ്കളാഴ്ച ദുബായില്‍ ആരംഭിച്ച ടെക്‌നോളജി എക്‌സിബിഷന്‍ ഗിറ്റെക്‌സില്‍ പങ്കെടുത്ത ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍ പ്രൊവൈഡറായ എമറാടെക് ആണ് ഈ സ്വപ്‌നത്തിന് ചിറക് മുളപ്പിക്കുന്നത്.
യാത്രക്കാരുടെ തടസ്സങ്ങളില്ലാത്ത യാത്ര സുഗമമാക്കുന്ന ഈ സംവിധാനം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ഉടമസ്ഥതയിലും എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പങ്കാളിത്തത്തിലുമാണ് വികസിപ്പിച്ചെടുക്കുന്നത്.
യാത്രക്കാരുടെ വിവരങ്ങളും ഫ്‌ളൈറ്റ് വിശദാംശങ്ങളും യാത്രക്കാരന്‍ വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇവിടെ ലഭിക്കുന്നു. ചെക്ക്ഇന്‍ കൗണ്ടറില്‍, യാത്രക്കാര്‍ക്ക് അവരുടെ ബയോമെട്രിക്‌സ് സ്‌കാന്‍ ചെയ്യാന്‍ സ്ട്രീംലൈനഡ് പ്രക്രിയയ്ക്ക് വിധേയമാകും. തുടര്‍ന്ന് യാത്രാവിവരങ്ങള്‍ നല്‍കുകയും ലഗേജ് പരിശോധിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യും.
യാത്രക്കാരുടെ മുഖമായിരിക്കും അവരുടെ ഐഡന്റിറ്റി. യാത്രക്കാര്‍ ഇമിഗ്രേഷനില്‍ എത്തുമ്പോള്‍, കൗണ്ടറിലേക്ക് പോകുന്നതിനുപകരം, നേരിട്ട് സ്മാര്‍ട്ട് ഗേറ്റിലേക്ക് പോകാനാകും. അവിടെ യാത്രാ രേഖകളൊന്നും ഉപയോഗിക്കേണ്ടതില്ല, മുഖം മാത്രം മതി.
സ്മാര്‍ട്ട് ഗേറ്റ് കടന്ന് കഴിഞ്ഞാല്‍, യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീയിലേക്ക് പോകാനാകും, അവിടെയും അവരുടെ മുഖം തിരിച്ചറിയലും ബയോമെട്രിക്‌സും ഐഡന്റിറ്റി സ്ഥിരീകരിക്കും. ബോര്‍ഡിംഗ് ഗേറ്റിലും ഇത് ബാധകമായിരിക്കും.