ജിദ്ദ : ഗാസ യുദ്ധം അവസാനിപ്പിക്കാൻ ആഗോള സമൂഹം ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് യുദ്ധം അവസാനിപ്പിക്കാൻ ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് കിരീടാവകാശി പറഞ്ഞത്. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ സൗദി കിരീടാവകാശിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
ഗാസ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും വിശകലനം ചെയ്തു. യുദ്ധം അവസാനിപ്പിക്കാനും മേഖലാ, ആഗോള തലങ്ങളിൽ സുരക്ഷാ, സമാധാന മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിന് സംഘർഷം ലഘൂകരിക്കാനും ആഗോള, പ്രാദേശിക തലങ്ങളിൽ ശ്രമങ്ങൾ ഊർജിതമാക്കണം. മേഖലയുടെ സ്ഥിരതയെ പ്രതികൂലമായി ബാധിക്കുന്ന അക്രമങ്ങൾ വ്യാപിക്കുന്നത് തടയാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണം. ഫലസ്തീൻ ജനതക്ക് നിയമാനുസൃതമായ അവകാശങ്ങൾ ലഭിക്കുന്നത് ഉറപ്പുവരുത്തുന്ന നിലക്ക് സമാധാന പ്രക്രിയ പുനരാരംഭിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കാനും ആഗോള സമൂഹം പ്രവർത്തിക്കണം. ഗാസയിൽ ഉപരോധത്തിൽ കഴിയുന്ന സാധാരണക്കാർക്ക് വൈദ്യപരിചരണം നൽകാനും ഭക്ഷ്യവസ്തുക്കൾ എത്തിക്കാനും സുരക്ഷിത മാനുഷിക ഇടനാഴികൾ ലഭ്യമാക്കുന്നതിൽ യു.എന്നിനും ഐക്യരാഷ്ട്രസഭാ സംഘടനകൾക്കും പ്രധാന പങ്കുണ്ടെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
മേഖലയിലും ആഗോള തലത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവക്കുന്നതിന്, സംഘർഷം ലഘൂകരിക്കാനും അക്രമം വ്യാപിക്കുന്നത് തടയാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി നടത്തിയ ചർച്ചയിലും സൗദി കിരീടാവകാശി ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന നിലക്ക് സമാധാന പ്രക്രിയ പുനരാരംഭിക്കണം. ഗാസയിൽ നിരപരാധികളെ ലക്ഷ്യമിട്ട് ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങൾ ഹീനവും മൃഗീയവുമാണ്. സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ ആഗോള സമൂഹം പ്രവർത്തിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു.
ബ്രിട്ടനിലെ സൗദി അംബാസഡർ ഖാലിദ് ബിൻ ബന്ദർ രാജകുമാരൻ, സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.