റിയാദ് : കിംഗ് അബ്ദുല്‍ അസീസ് പൊതുഗതാഗതപദ്ധതിയുടെ ഭാഗമായി ആരംഭിച്ച റിയാദ് ബസ് പദ്ധതിയുടെ നാലാം ഘട്ടത്തിന് ഇന്ന് വ്യാഴാഴ്ച തുടക്കമായെന്ന് റിയാദ് റോയല്‍ അതോറിറ്റി അറിയിച്ചു. ഇതോടെ 1632 ബസ് സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് 40 റൂട്ടുകളില്‍ 614 ബസുകളാണ് സര്‍വീസ് നടത്തുന്നത്. 1900 കിലോമീറ്റര്‍ പദ്ധതിയില്‍ 70 ശതമാനം ഇപ്പോള്‍ പൂര്‍ത്തിയായി. ഈ വര്‍ഷാവസാനത്തോടെ പദ്ധതിയുടെ മറ്റു ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാകും.
അല്‍റബീഅ് സ്ട്രീറ്റില്‍ നിന്ന് അല്‍യാസ്മിന്‍ വരെയുള്ള 932, നുസ്ഹ – തആവുന്‍ 933, അല്‍ഖലീജ് – റൗദ 942, അല്‍അന്ദുലുസ്- അല്‍ഖലീജ് 944, അല്‍ഖലീജ് – അല്‍നഹ്ദ 945, അല്‍ശുഹദാ- അല്‍മൂന്‍സിയ 947, അല്‍യര്‍മൂക്ക് റോഡില്‍ നിന്ന് അല്‍യര്‍മൂക്ക് സ്‌റ്റേഷന്‍ വരെ 948 എന്നീ റൂട്ടുകളിലാണ് നാലാം ഘട്ടത്തിന്റെ ഭാഗമായി ഇന്ന് ബസുകള്‍ സര്‍വീസ് തുടങ്ങിയത്.
നഗരപരിസ്ഥിതിക്ക് അനുകൂലമായി അന്തര്‍ദേശീയ സാങ്കേതിക മാനദണ്ഡങ്ങള്‍ അനുസരിച്ച് നഗരത്തിലെ പൊതുഗതാഗ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്ന് അതോറിറ്റി വിശദീകരിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച ബസ് പദ്ധതിയില്‍ 631000 ട്രിപ്പില്‍ അറുപത് ലക്ഷത്തി മുപ്പത്തി ഒന്നായിരം പേര്‍ യാത്ര ചെയ്തു.
ടിക്കറ്റുകള്‍ റിയാദ് ബസ് വെബ്‌സൈറ്റ് വഴിയോ ബസ് സ്‌റ്റേഷനുകളില്‍ സ്ഥാപിച്ച മെഷീനുകള്‍ വഴി ദര്‍ബ് കാര്‍ഡെടുത്തോ കമ്പനിയുടെ ഓഫീസുകളില്‍ നിന്നോ ടിക്കറ്റുകളെടുക്കാം. നാലു റിയാലിന് രണ്ട് മണിക്കൂറാണ് യാത്ര. മൂന്നു ദിവസത്തേക്ക് 20 റിയാലും ഏഴ് ദിവസത്തേക്ക് 40 റിയാലും 30 ദിവസത്തേക്ക് 140 റിയാലുമാണ് ടിക്കറ്റ് നിരക്ക്.