ജിദ്ദ : സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈ്വഡോ ക്രൊസെറ്റോയും ചർച്ച നടത്തി.
റിയാദിൽ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ തന്റെ ഓഫീസിൽ വെച്ചാണ് ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ഇറ്റാലിയൻ പ്രതിരോധ മന്ത്രിയെ സ്വീകരിച്ചത്.
സൗദി അറേബ്യയും ഇറ്റലിയും തമ്മിലുള്ള ബന്ധങ്ങളും പ്രതിരോധ, സൈനിക വ്യവസായ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ഗാസ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും പ്രശ്‌നങ്ങളും ഇരുവരും വിശകലനം ചെയ്തു. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് ചർച്ചക്കിടെ സൗദി പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു.
തുർക്ക്‌മെനിസ്ഥാൻ പ്രതിരോധ മന്ത്രി ജനറൽ ബെഗൻച് ഗുൻഡോഖദ്‌യേവുമായും സൗദി പ്രതിരോധ മന്ത്രി ചർച്ച നടത്തി. ഗാസ സംഘർഷവും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന ശ്രമങ്ങളും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും സൗദി, തുർക്ക്‌മെനിസ്ഥാൻ പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ അയ്യാഫ് രാജകുമാരൻ, സംയുക്ത സേനാ മേധാവി ജനറൽ ഫയാദ് അൽറുവൈലി, പ്രതിരോധ സഹമന്ത്രി എൻജിനീയർ ത്വലാൽ അൽഉതൈബി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഹിശാം ബിൻ അബ്ദുൽ അസീസ് ബിൻ സൈഫ്, മോസ്‌കോയിലെയും അഷ്ഗാബാദിലെയും മിൻസ്‌കിലെയും സൗദി എംബസി മിലിട്ടറി അറ്റാഷെ മേജർ ജനറൽ സഅദ് അൽകുഥൈരി എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗ്രാന്റ് ഷാപ്‌സും ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഫോണിൽ ബന്ധപ്പെട്ടും ചർച്ച നടത്തി. ബ്രിട്ടീഷ് പ്രതിരോധ മന്ത്രി സൗദി പ്രതിരോധ മന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഗാസ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും വിശകലനം ചെയ്തു. നിരപരാധികളുടെ ജീവൻ കാത്തുസൂക്ഷിക്കുന്നതിന് ഗാസയിൽ സ്ഥിതിഗതികൾ ശാന്തമാക്കാനും വെടിനിർത്തൽ നടപ്പാക്കാനും ശ്രമങ്ങൾ തുടരണമെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ മാനിക്കണമെന്നും സൗദി പ്രതിരോധ മന്ത്രി പറഞ്ഞു.