ജിദ്ദ : റെഡ് സീ ഡെസ്റ്റിനേഷനിലെ ആദ്യ ഘട്ട പ്രദേശത്ത് 150 ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്ന ജോലികൾ റെഡ് സീ ഗ്ലോബൽ കമ്പനി പൂർത്തിയാക്കി.
ദേശീയ വൈദ്യുതി ശൃംഖലയിൽ നിന്ന് തീർത്തും വേറിട്ട് സൗദിയിൽ സ്ഥാപിക്കുന്ന ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പോയിന്റ് ശൃംഖലയാണിത്. റെഡ് സീ ഡെസ്റ്റിനേഷനിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ പദ്ധതി പ്രദേശത്ത് ഉപയോഗിക്കുന്ന ലൂസിഡ്, മെഴ്‌സിഡിസ് കമ്പനികളുടെ 80 ഇലക്ട്രിക് കാറുകൾ മുടങ്ങാതെ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ചാർജിംഗ് സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സുസ്ഥിരതയുടെയും ആഡംബരത്തിന്റെയും രണ്ടു സമീപനങ്ങളെ അസാധാരണവും അതുല്യവുമായ രീതിയിൽ സംയോജിപ്പിക്കാനുള്ള ഞങ്ങളുടെ അഭിലാഷത്തെ ഈ പദ്ധതി പ്രതിനിധീകരിക്കുന്നതായി റെഡ് സീ ഗ്ലോബൽ കമ്പനി സി.ഇ.ഒ ജോൺ പഗാനൊ പറഞ്ഞു. സ്മാർട്ട് മൊബിലിറ്റിയുടെ അടുത്ത തലമുറയിലേക്ക് റെഡ് സീ ഡെസ്റ്റിനേഷനെ എത്തിക്കാൻ സഹായിക്കുന്ന ഒരു പാതയാണ് ഞങ്ങൾ സ്വീകരിക്കുന്നത്.
വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിംഗ് ശൃംഖല ഉൾപ്പെടുന്ന ഞങ്ങളുടെ വാഹനനിര പാരിസ്ഥിതിക വിശ്വാസ്യത മെച്ചപ്പെടുത്താൻ സഹായിക്കും. സന്ദർശകരുടെ ആഡംബരവും സൗകര്യവും സംബന്ധിച്ച പ്രതീക്ഷകൾ നിറവേറ്റുന്ന സമീപനവും ഞങ്ങൾ സ്വീകരിക്കുന്നു. റെഡ് സീ ഡെസ്റ്റിനേഷനിൽ തങ്ങുന്ന കാലത്ത് സന്ദർശകരുടെ യാത്രകൾക്ക് മെഴ്‌സിഡിസ് ബെൻസ് ഇ.ക്യു.എസ്, ലൂസിഡ് എയർ മോഡലുകളിൽ പെട്ട കാറുകളാണ് ഏർപ്പെടുത്തുന്നത്. റെഡ് സീ എയർപോർട്ട് വഴിയുള്ള യാത്രകൾക്കും റെഡ് സീ ഡെസ്റ്റിനേഷനിലെ റിസോർട്ടുകൾക്കും മറ്റു സ്ഥാപനങ്ങൾക്കുമിടയിലെ സഞ്ചാരങ്ങൾക്കും മുൻകൂട്ടി ബുക്ക് ചെയ്തും അല്ലാതെയും ആഡംബര വൈദ്യുതി കാറുകൾ പ്രയോജനപ്പെടുത്താൻ സന്ദർശകർക്ക് സാധിക്കും.
സന്ദർശകരെ സ്വീകരിച്ച് സേവനങ്ങൾ നൽകാൻ ട്രാൻസ്‌പോർട്ടേഷൻ സെന്റർ അടക്കം വൈദ്യുതി കാറുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ മുഴുവൻ പശ്ചാത്തല സൗകര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഗതാഗത സേവനവുമായി ബന്ധപ്പെട്ട മേഖലയിൽ 1,500 ഡ്രൈവർമാർക്ക് തൊഴിലവസരങ്ങൾ ലഭിക്കും. കൂടാതെ വൈദ്യുതി ചാർജിംഗുമായി ബന്ധപ്പെട്ട ടെക്‌നീഷ്യന്മാരും വിദഗ്ധരും ചാർജിംഗ് സെന്റർ മാനേജർമാരും അടക്കം നിരവധി പേർക്കും തൊഴിലവസരങ്ങൾ ലഭിക്കും. വ്യത്യസ്ത മേഖലകളിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കി സൗദി യുവാക്കളെ ശാക്തീകരിക്കുന്നതിലുള്ള പ്രതിബദ്ധത റെഡ് സീ ഗ്ലോബൽ കമ്പനി പാലിക്കുമെന്ന് ജോൺ പഗാനൊ പറഞ്ഞു.
പുനരുപയോഗ ഊർജം മാത്രം അവലംബിച്ചാണ് റെഡ് സീ ഡെസ്റ്റിനേഷൻ പ്രവർത്തിക്കുക. കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യം കൈവരിക്കുന്നതിന് ഇതിനകം അഞ്ചു സൗരോർജ നിലയങ്ങൾ റെഡ് സീ ഡെസ്റ്റിനേഷനിൽ നിർമിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ആകെ 7,60,000 സോളാർ പാനലുകളുണ്ട്. ഇലക്ട്രിക് കാറുകളുടെ ചാർജിംഗ് പോയിന്റുകൾ അടക്കം ഡെസ്റ്റിനേഷനിലെ ആദ്യ ഘട്ടത്തിന് ആവശ്യമായ വൈദ്യുതി ഈ നിലയങ്ങൾ നൽകും.