ജിദ്ദ : ആറു രാജ്യക്കാർക്കു കൂടി ഇ-വിസയും ഓൺഅറൈവൽ വിസയും അനുവദിക്കാൻ തുടങ്ങിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. തുർക്കി, തായ്‌ലന്റ്, മൗറീഷ്യസ്, പനാമ, സീഷൽസ്, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് എന്നീ രാജ്യക്കാർക്കാണ് ഇ-വിസയും ഓൺഅറൈവൽ വിസയും അനുവദിക്കാൻ തുടങ്ങിയത്. ഇതോടെ ഇ-വിസയും ഓൺഅറൈവൽ വിസയും ലഭിക്കുന്ന രാജ്യക്കാരുടെ എണ്ണം 63 ആയി. സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കു ഈ രാജ്യക്കാർക്ക് ഓൺലൈൻ ആയി അപേക്ഷിച്ച് വിസ നേടാനും സൗദിയിലെ അന്താരാഷ്ട്ര അതിർത്തി പ്രവേശന കവാടങ്ങളിൽ എത്തുന്ന മുറക്ക് വിസ നേടാനും സാധിക്കും.
2019 സെപ്റ്റംബർ 27 നാണ് ടൂറിസം മന്ത്രാലയം ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ 49 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇ-വിസയും ഓൺഅറൈവൽ വിസയും അനുവദിച്ചിരുന്നത്. 2023 ഓഗസ്റ്റ് ഏഴു മുതൽ അസർബൈജാൻ, അൽബേനിയ, ഉസ്‌ബെക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ജോർജിയ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, മാൽഡീവ്‌സ് എന്നീ എട്ടു രാജ്യക്കാർക്കും ഇ-വിസയും ഓൺഅറൈവൽ വിസയും അനുവദിക്കാൻ തുടങ്ങി.
ഈ രാജ്യക്കാർക്കു പുറമെ, ഏഴു വിഭാഗങ്ങളിൽ പെട്ടവർക്കു കൂടി സൗദി ടൂറിസ്റ്റ് വിസ എളുപ്പത്തിൽ അനുവദിക്കുന്നുണ്ട്. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ, അമേരിക്കയുടെയും ബ്രിട്ടന്റെയും സന്ദർശന വിസ ലഭിച്ചവർ, ഷെൻഗൻ വിസ ലഭിച്ചവർ, ഗൾഫ് രാജ്യങ്ങളിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾ എന്നിവർക്കാണ് ടൂറിസ്റ്റ് വിസകൾ എളുപ്പത്തിൽ അനുവദിക്കുന്നത്.
ടൂറിസ്റ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കുന്നവർക്ക് ഇവന്റുകളിലും എക്‌സിബിഷനുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കാനും ഹജ് കാലത്തൊഴികെ ഉംറ നിർവഹിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനും സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും സാധിക്കും. സൗദിയ, ഫ്‌ളൈ നാസ് വിമാനങ്ങളിലെ യാത്രക്കാർക്ക് 96 മണിക്കൂർ കാലാവധിയുള്ള ട്രാൻസിറ്റ് വിസയും അനുവദിക്കുന്നുണ്ട്. ഈ വിസയിൽ പ്രവേശിക്കുന്നവർക്കും ഉംറ നിർവഹിക്കാനും മദീന സിയാറത്ത് നടത്താനും സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും മറ്റും സാധിക്കും. ഹജ് സീസണിൽ ഉംറ കർമം നിർവഹിക്കാനും സൗദിയിൽ വേതനത്തിന് ജോലി ചെയ്യാനും വിസിറ്റ് വിസക്കാർക്ക് അനുവാദമില്ല.
വിസയിൽ നിർണയിച്ച സൗദിയിലെ താമസ കാലം സന്ദർശകർ കൃത്യമായി പാലിക്കണം. ശിക്ഷാ നടപടികൾ ഒഴിവാക്കാൻ വിസയിൽ നിർണയിച്ച താമസകാലം അവസാനിക്കുന്നതിനു മുമ്പായി സൗദി അറേബ്യ വിടൽ നിർബന്ധമാണെന്നും ടൂറിസം മന്ത്രാലയം പറഞ്ഞു. ടൂറിസം മേഖലയിൽ നടപ്പാക്കുന്ന പശ്ചാത്തല, വികസന പദ്ധതികൾക്കനുസൃതമായി കൂടുതൽ രാജ്യങ്ങളെ ഇ-വിസ, ഓൺഅറൈവൽ വിസ സംവിധാനത്തിൽ ഉൾപ്പെടുത്താൻ ടൂറിസം മന്ത്രാലയം ആലോചിക്കുന്നുണ്ട്.
സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിച്ച് മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന മൂന്നു ശതമാനത്തിൽ നിന്ന് പത്തു ശതമാനത്തിലധികമായി ഉയർത്താനും വിനോദസഞ്ചാര വ്യവസായ മേഖലയിൽ പത്തു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രതിവർഷം പത്തു കോടി വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാനും സൗദി അറേബ്യ ഉന്നമിടുന്നു.