റിയാദ് : സമീപ കാലത്ത് നിരവധി മാരകമായ വാഹനാപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച റിയാദ്-അൽറൈൻ-ബീശ റോഡ് വികസന പദ്ധതി അന്തിമ ഘട്ടത്തിൽ. സമീപ കാലത്ത് നിരവധി അപകടങ്ങളുണ്ടായതിനാൽ യാത്രക്കാർ മരണ റോഡ് എന്നാണ് ഈ റോഡിനെ വിളിക്കുന്നത്. അടുത്തിടെ ഈ റോഡിലുണ്ടായ അപകടത്തിൽ എട്ടംഗ സൗദി കുടുംബത്തിലെ ഏഴു പേർ മരണപ്പെട്ടിരുന്നു. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച സൗദി കുടുംബത്തിന്റെ കാറിൽ തീ പടർന്നുപിടിക്കുകയായിരുന്നു. കുടുംബത്തിലെ പിഞ്ചു ബാലിക മാത്രമാണ് അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ടത്.
അസീർ, ജിസാൻ, അൽബാഹ, റിയാദ് പ്രവിശ്യകൾക്കിടയിൽ സഞ്ചരിക്കുന്ന യാത്രക്കാർ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. സമീപ കാലത്ത് അപകടങ്ങൾ പതിവായതിനെ തുടർന്നാണ് സുരക്ഷാ നിലവാരം ഉയർത്താനും പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ഈ റോഡ് ഇരട്ടപ്പാതയാക്കുന്ന പദ്ധതി ഗതാഗത മന്ത്രാലയം നടപ്പാക്കാൻ തുടങ്ങിയത്. തലസ്ഥാന നഗരിയെ ദക്ഷിണ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. രണ്ടു വീതം ട്രാക്കുകളോടെയാണ് ഇരു ഭാഗത്തേക്കുമുള്ള റോഡുകൾ നിർമിക്കുന്നത്. 650 കിലോമീറ്റർ നീളമുള്ള റോഡ് ഇരട്ടപ്പാതയാകുന്ന പദ്ധതിയുടെ 83 ശതമാനം നിർമാണ ജോലികൾ പൂർത്തിയായതായി റോഡ്‌സ് ജനറൽ അതോറിറ്റി അറിയിച്ചു. 140 കിലോമീറ്റർ ദൂരത്തിൽ ഒന്നും രണ്ടും ഘട്ടങ്ങൾ 100 ശതമാനവും പൂർത്തിയായിട്ടുണ്ട്. ആകെ 88 കിലോമീറ്റർ ദൂരമുള്ള മൂന്നും നാലും ഘട്ടങ്ങളുടെ ജോലികൾ 87 ശതമാനവും 72 കിലോമീറ്റർ ദൂരമുള്ള അഞ്ചും ആറും ഘട്ടങ്ങളുടെ 80 ശതമാനവും 112 കിലോമീറ്റർ ദൂരമുള്ള ഏഴും എട്ടും ഘട്ടങ്ങളുടെ 85 ശതമാനവും 34 കിലോമീറ്റർ ദൂരമുള്ള ഒമ്പതാം ഘട്ടത്തിന്റെ 55 ശതമാനവും 33 കിലോമീറ്റർ ദൂരമുള്ള പത്താം ഘട്ടത്തിന്റെ 63 ശതമാനവും ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.
11-ാം ഘട്ടത്തിന് 35 കിലോമീറ്റർ നീളമാണുള്ളത്. ഇതിന്റെ 84 ശതമാനം നിർമാണ ജോലികൾ പൂർത്തിയായിട്ടുണ്ട്. 45 കിലോമീറ്റർ ദൂരമുള്ള 12-ാം ഘട്ടത്തിന്റെ 54 ശതമാനം ജോലികൾ പൂർത്തിയായിട്ടുണ്ട്. പതിമൂന്നാം ഘട്ടത്തിന് 90 കിലോമീറ്റർ നീളമാണുള്ളത്. ഇത് ടെണ്ടർ ഘട്ടത്തിലാണ്. റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്താനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റിയാദ്-അൽറൈൻ-ബീശ റോഡ് വികസന പദ്ധതി നടപ്പാക്കുന്നതെന്ന് റോഡ്‌സ് ജനറൽ അതോറിറ്റി പറഞ്ഞു.