തബൂക്ക് : സൗദിയുടെ വടക്കന്‍ പ്രവിശ്യയായ തബൂക്കിന് പടിഞ്ഞാറുള്ള ചെങ്കടല്‍ തീരപ്രദേശങ്ങള്‍ ദേശാടന പക്ഷികളുടെ സംഗമ കേന്ദ്രമായി മാറുന്നതായി സൗദി വൈല്‍ഡ് ലൈഫ് കേന്ദ്രം അറിയിച്ചു. പ്രവിശ്യയുടെ 700 കിലോമീറ്ററോളം നീളത്തിലുള്ള ചെങ്കടല്‍ തീരം വൈവിധ്യമായ ഭൂപ്രകൃതിയും കാലാവസ്ഥയും അനുഭവപ്പെടുന്നതായതിനാല്‍ ഇവിടം ദേശാടന പക്ഷികള്‍ ഇടത്താവളമായിക്കണ്ട് താമസിക്കുകയാണ്. പ്രവിശ്യയില്‍ മുമ്പുണ്ടായിരുന്നതില്‍നിന്നു വ്യത്യസ്തമായി അടുത്തിടെ 50 ലേറെ പക്ഷി വര്‍ഗങ്ങളെ കണ്ടു വരുന്നുണ്ട്. ദേശാടന പക്ഷികളുടെ പ്രാധാന്യം കണക്കിലെടുത്ത് അവയെ സംരക്ഷിക്കാന്‍ ശക്തമായ നിയമങ്ങളാണ് അടുത്തിടെയായി സര്‍ക്കാര്‍ നടപ്പാക്കുകയുണ്ടായത്. സൗദി പരിസ്ഥിതി വന്യജീവിസംരക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം വംശനാശം നേരിടുന്ന വന്യജീവികളെയും പക്ഷി വര്‍ഗങ്ങളെയും സംരക്ഷിക്കുന്നതിനും അവയുടെ പരമ്പരാഗത പരിതസ്ഥിതിയില്‍ വളര്‍ത്തുന്നതിനുമായി നിരവധി പദ്ധതികളാണ് പരിസ്ഥിതി കേന്ദ്രം ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. ദേശാടന പക്ഷികളുടെ സംരക്ഷണത്തിനുതകുന്ന തരത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി യു.എന്നിനു കീഴില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 14 ന് അന്താരാഷ്ട്ര ദേശാടന പക്ഷി ദിനമായി ആചരിക്കുകയാണ്.