റിയാദ് : ഗാസയില്‍നിന്ന് ഫലസ്തീന്‍ ജനതയെ കുടിയിറക്കാനുള്ള ഇസ്രായിലിന്റെ ആഹ്വാനം അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഗാസയിലെ നിരായുധരായ സാധാരണക്കാരെ ഇസ്രായില്‍ നിരന്തരം ലക്ഷ്യമിടുന്നതിനെ ന്യായീകരിക്കാനാകില്ല. സിവിലിയന്മാര്‍ക്ക് നേരെ നടക്കുന്ന ആക്രമണം തടയാന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണം. അല്ലെങ്കില്‍ വലിയ മാനുഷിക ദുരന്തമുണ്ടാകും. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും മറ്റു സഹായങ്ങളും എത്തിക്കേണ്ടതുണ്ട്. അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ക്ക് എതിരാണ്. മാത്രമല്ല മേഖലയിലെ പ്രതിസന്ധിക്ക് ആഴം വര്‍ധിപ്പിക്കും. ഗാസക്കെതിരായ ഉപരോധം പിന്‍വലിക്കണം. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കണം. 1967 ലെ അതിര്‍ത്തിയനുസരിച്ച് കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനും നീതിപൂര്‍വകവും സമഗ്രവുമായ പരിഹാരം കണ്ടെത്താനും ലക്ഷ്യമിടുന്ന രക്ഷാസമിതിയുടെയും ഐക്യരാഷ്ട്ര സഭയുടെയും പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകണമെന്നും സൗദി വിദേശകാര്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
ഗാസയിൽ നിന്ന് ഫലസ്തീൻ ജനതയെ പടിയിറക്കാനുള്ള ശ്രമം അംഗീകരിക്കില്ല- സൗദി
