ജിദ്ദ : ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാ സമിതി പാസാക്കിയ പ്രമേയങ്ങള്‍ നടപ്പാക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. യു.എന്‍ രക്ഷാ സമിതി അസ്ഥിരാംഗമായ അല്‍ബേനിയയുടെ വിദേശ മന്ത്രിയും യൂറോപ്യന്‍ കാര്യ മന്ത്രിയുമായ ഇഗ്‌ലി ഹസനിയുമായി ഫോണില്‍ ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് ഈയാവശ്യമുന്നയിച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വകവും ശാശ്വതവുമായ പരിഹാരം കാണുന്ന നിലക്ക് ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാ സമിതി 1967 ല്‍ പാസാക്കിയ 242-ാം നമ്പര്‍ പ്രമേയം, 1973 ല്‍ പാസാക്കിയ 338-ാം നമ്പര്‍ പ്രമേയം, 2003 ല്‍ പാസാക്കിയ 1515-ാം നമ്പര്‍ പ്രമേയം, 2016 ല്‍ പാസാക്കിയ 2334-ാം നമ്പര്‍ പ്രമേയം എന്നിവ രക്ഷാ സമിതി നടപ്പാക്കണം.
യുദ്ധം ഉടനടി അവസാനിപ്പിച്ചും ഗാസ ഉപരോധം എടുത്തുകളഞ്ഞും ലോക സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ ഉത്തരവാദിത്തം വഹിക്കാന്‍ യു.എന്‍ രക്ഷാ സമിതിയെ പ്രേരിപ്പിക്കാന്‍ രക്ഷാ സമിതി അസ്ഥിരാംഗം എന്നോണം അല്‍ബേനിയ പ്രവര്‍ത്തിക്കണമെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു. ഗാസയിലെ പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നിരാകരിക്കുന്നു. എല്ലാ കക്ഷികളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണമെന്നും സൗദി, അല്‍ബേനിയന്‍ വിദേശ മന്ത്രിമാര്‍ പറഞ്ഞു.
ഗാസ സംഘര്‍ഷത്തിന് അന്ത്യംകാണുന്നതിനെ കുറിച്ച് ഫ്രഞ്ച് വിദേശ മന്ത്രി കാതറീന്‍ കൊളോണ, ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ അന്റോണിയോ ടജാനി എന്നിവരുമായും സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി. ഗാസയില്‍ തുടരുന്ന സൈനിക നടപടി, നിരായുധരായ സാധാരക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍, യുദ്ധം അവസാനിപ്പിക്കാനും സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനും പ്രവര്‍ത്തിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം ഉത്തവാദിത്തം വഹിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ഫ്രഞ്ച്, ഇറ്റാലിയന്‍ വിദേശ മന്ത്രിമാരുമായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വിശകലനം ചെയ്തു.
ഭക്ഷ്യവസ്തുക്കളും റിലീഫ് വസ്തുക്കളും ഗാസയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കല്‍, ഗാസക്കെതിരായ ഉപരോധം എടുത്തുകളയല്‍ എന്നിവ അടക്കം അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ഇസ്രായില്‍ പാലിക്കല്‍ നിര്‍ബന്ധമാണ്. പശ്ചിമേഷ്യയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ ഏക മാര്‍ഗം ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വകവും സമഗ്രവുമായ പരിഹാരമുണ്ടാക്കലാണെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.
ഏതു രീതിയിലും സാധാരണക്കാരെ ലക്ഷ്യമിടുന്നത് സൗദി അറേബ്യ നിരാകരിക്കുന്നു. സംഘര്‍ഷത്തിലേര്‍പ്പെട്ട എല്ലാ കക്ഷികളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ മാനിക്കണം. സ്ഥിതിഗതികള്‍ ശാന്തമാക്കാനും യുദ്ധം നിര്‍ത്താനും അന്താരാഷ്ട്ര തലത്തില്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തണം. കൂടുതല്‍ സംഘര്‍ഷവും അക്രമവും അകറ്റിനിര്‍ത്തണമെന്നും ഫ്രഞ്ച്, ഇറ്റാലിയന്‍ വിദേശ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളില്‍ സൗദി വിദേശ മന്ത്രി പറഞ്ഞു.