ന്യൂദല്‍ഹി : ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യ ഉള്‍പ്പെടെ മൂന്ന് ജി സി സി രാജ്യങ്ങളിലേക്ക് പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തീരുമാനമായി. ലോ കോസ്റ്റ് എയര്‍ലൈന്‍സ് ആകാശ എയറിനാണ് മൂന്ന് ജി സി സി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുള്ളത്. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് ആകാശ എയറിന് സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചിട്ടുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ ഉഭയകക്ഷി കരാര്‍ അടിസ്ഥാനമാക്കി ഈ ശൈത്യകാലത്ത് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനാണ് ആകാശ എയര്‍ പദ്ധതിയിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദുബായിലേക്ക് സര്‍വീസ് നടത്താന്‍ ധാരണയുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയില്‍ നിന്നുള്ള ഒരു ഔദ്യോഗിക നിയുക്ത വിമാന കമ്പനിയാകാന്‍ ആകാശ എയര്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കണം. ആ പദവി ലഭിച്ചാല്‍ മറ്റ് രാജ്യങ്ങളെ ഇക്കാര്യം അറിയിക്കും. ഈ രാജ്യങ്ങള്‍ അവരുടെ നിയമങ്ങള്‍ക്ക് അനുസൃതമായി അനുമതി നല്‍കണം. ശേഷം ആകാശ എയറിന് ആ വിമാനത്താവളങ്ങളില്‍ സ്ലോട്ടുകള്‍ക്ക് അപേക്ഷിക്കാം. ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്യുന്ന വിമാന കമ്പനിയാണ് ആകാശ എയര്‍.