ജിദ്ദ:പ്രൊബേഷൻ കാലത്ത് വിദേശ തൊഴിലാളികൾക്ക് ഓൺലൈൻ വഴി ഫൈനൽ എക്‌സിറ്റ് നൽകാൻ തൊഴിലുടമകൾക്ക് സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ ബിസിനസ് വഴി തൊഴിലുടമകൾക്ക് പ്രൊബേഷൻ കാലത്ത് തൊഴിലാളികൾക്ക് എളുപ്പത്തിൽ ഫൈനൽ എക്‌സിറ്റ് നൽകാൻ സാധിക്കും. ഇതിന് ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കേണ്ടതില്ല.
പ്രൊബേഷൻ കാലത്ത് തൊഴിലാളികൾക്ക് ഓൺലൈൻ വഴി ഫൈനൽ എക്‌സിറ്റ് നൽകാൻ ഫീസൊന്നും ബാധകമല്ല. എന്നാൽ പ്രൊബേഷൻ കാലത്ത് ഫൈനൽ എക്‌സിറ്റ് വിസ ഓൺലൈൻ വഴി ഇഷ്യു ചെയ്ത ശേഷം ഇത് റദ്ദാക്കാനോ തൊഴിലാളിക്ക് ഇഖാമ ഇഷ്യു ചെയ്യാനോ സാധിക്കില്ല. പേപ്പർരഹിത ഡിപ്പാർട്ട്‌മെന്റ് എന്ന ലക്ഷ്യത്തോടെയാണ് പ്രൊബേഷൻ കാലത്ത് തൊഴിലാളികൾക്ക് ഓൺലൈൻ വഴി ഫൈനൽ എക്‌സിറ്റ് നൽകുന്ന സേവനം നടപ്പാക്കിയത്. നടപടിക്രമങ്ങൾ എളുപ്പമാക്കാനും ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നതായും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.