ജിദ്ദ:സൗദിയില്‍ 21 വയസില്‍ കുറവ് പ്രായമുള്ള ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് വെക്കുന്നതിന് വിലക്കുള്ളതായി പരിഷ്‌കരിച്ച ഗാര്‍ഹിക തൊഴിലാളി നിയമാവലി വ്യക്തമാക്കി. ഇത് ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തും. പുതിയ നിയമാവലി ഉമ്മുല്‍ഖുറാ പത്രത്തില്‍ പരസ്യപ്പെടുത്തി.
ദിവസത്തില്‍ പത്തു മണിക്കൂറില്‍ കൂടുതല്‍ സമയം ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് നിയമാവലി വിലക്കുന്നു. വിശ്രമത്തിനും ആരാധനാ കര്‍മങ്ങള്‍ക്കും ഭക്ഷണത്തിനും അര മണിക്കൂറില്‍ കുറയാത്ത ഇടവേള നല്‍കാതെ തുടര്‍ച്ചയായി അഞ്ചു മണിക്കൂറില്‍ കൂടുതല്‍ നേരം ജോലി ചെയ്യാത്ത നിലക്ക് ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍, വിശ്രമ സമയങ്ങള്‍ ക്രമീകരിക്കണമെന്ന് നിയമാവലി ആവശ്യപ്പെടുന്നു. വിശ്രമ സമയങ്ങള്‍ തൊഴില്‍ സമയത്തില്‍ ഉള്‍പ്പെടുത്തി കണക്കാക്കില്ല. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രതിദിനം നല്‍കുന്ന തുടര്‍ച്ചയായ വിശ്രമ സമയം എട്ടു മണിക്കൂറില്‍ കുറയരുതെന്നും വ്യവസ്ഥയുണ്ട്.
ആഴ്ചയില്‍ ഒരു ദിവസം പൂര്‍ണ വേതനത്തോടെ തുടര്‍ച്ചയായി 24 മണിക്കൂറില്‍ കുറയാത്ത നിലക്ക് വിശ്രമം ലഭിക്കാന്‍ ഗാര്‍ഹിക തൊഴിലാളിക്ക് അവകാശമുണ്ട്. വാരാന്ത അവധി ദിവസം തൊഴിലാളിയും തൊഴിലുടമയും പരസ്പര ധാരണയിലൂടെ നിര്‍ണയിക്കണം. വാരാന്ത അവധി ദിവസത്തില്‍ തൊഴിലാളിയെ കൊണ്ട് ജോലി ചെയ്യിക്കുന്ന പക്ഷം പകരം മറ്റൊരു ദിവസം അവധി നല്‍കുകയോ നഷ്ടപരിഹാരം (ഓര്‍ടൈം വേതനം) നല്‍കുകയോ വേണം.
രണ്ടു വര്‍ഷത്തെ സര്‍വീസുള്ള ഗാര്‍ഹിക തൊഴിലാളിയുടെ കരാര്‍ പുതുക്കാന്‍ ഇരു വിഭാഗവും ആഗ്രഹിക്കുന്ന പക്ഷം 30 ദിവസത്തെ അവധിക്ക് തൊഴിലാളിക്ക് അവകാശമുണ്ട്. ഈ അവധി തൊഴിലാളി പ്രയോജനപ്പെടുത്താതിരിക്കുന്ന പക്ഷം തൊഴില്‍ കരാര്‍ അവസാനിപ്പിക്കുമ്പോള്‍ അവധിക്കു പകരം നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. ഓരോ രണ്ടു വര്‍ഷത്തിലും അവധി ആസ്വദിക്കുന്നതിന് സ്വദേശത്തേക്ക് പോകാന്‍ റിട്ടേണ്‍ വിമാന ടിക്കറ്റിനും തൊഴിലാളിക്ക് അവകാശമുണ്ട്. ഫൈനല്‍ എക്‌സിറ്റിലാണ് പോകുന്നതെങ്കില്‍ വണ്‍വേ ടിക്കറ്റിനാണ് അവകാശം. സൗദി അറേബ്യക്കകത്ത് അവധി ആസ്വദിക്കുന്ന പക്ഷം ടിക്കറ്റിനോ ടിക്കറ്റ് തുകക്കോ തൊഴിലാളിക്ക് അവകാശമില്ല.
മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വര്‍ഷത്തില്‍ 30 ദിവസത്തെ രോഗാവധി ഒന്നിച്ചോ പലതവണ ആയോ പ്രയോജനപ്പെടുത്താന്‍ ഗാര്‍ഹിക തൊഴിലാളിക്ക് അവകാശമുണ്ട്. രോഗാവധിക്കാലത്ത് ആദ്യത്തെ പതിനഞ്ചു ദിവസത്തിന് പൂര്‍ണ വേതനവും പിന്നീടുള്ള പതിനഞ്ചു ദിവസത്തിന് പകുതി വേതനവുമാണ് നിയമ പ്രകാരം നല്‍കേണ്ടത്. തൊഴിലാളിയുടെ രോഗകാലം 30 ദിവസം കവിയുന്ന പക്ഷം തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചയക്കാന്‍ തൊഴിലുടമക്ക് അവകാശമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വിമാന ടിക്കറ്റ് തൊഴിലുടമ വഹിക്കുകയും തൊഴിലാളിയുടെ നിയമാനുസൃതമായ മുഴുവന്‍ ആനുകൂല്യങ്ങളും തീര്‍ത്ത് നല്‍കുകയും വേണം.
തൊഴിലുടമയുടെ അടുത്ത് തുടര്‍ച്ചയായ ഓരോ നാലു വര്‍ഷത്തെ സേവനത്തിനും ഒരു മാസത്തെ വേതനം തോതില്‍ സര്‍വീസ് ആനുകൂല്യത്തിനും ഗാര്‍ഹിക തൊഴിലാളിക്ക് അവകാശമുണ്ട്. തൊഴില്‍ കരാര്‍ അവസാനിക്കുന്ന പക്ഷം ഒരാഴ്ചക്കകം ഗാര്‍ഹിക തൊഴിലാളിക്ക് തൊഴിലുടമ വേതനവും സര്‍വീസ് ആനുകൂല്യങ്ങളും തീര്‍ത്ത് നല്‍കിയിരിക്കണം. തൊഴിലാളിയാണ് കരാര്‍ അവസാനിപ്പിക്കുന്നതെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ വേതനവും സര്‍വീസ് ആനുകൂല്യങ്ങളും തീര്‍ത്ത് നല്‍കലും നിര്‍ബന്ധമാണ്.