റിയാദ്:തലസ്ഥാന നഗരിയിൽ നെയിം ബോർഡുകൾ സ്ഥാപിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ ബിനാമിയാണെന്ന് സംശയിക്കപ്പെടുന്ന ഏതാനും സ്ഥാപനങ്ങൾ കണ്ടെത്തി. നെയിം ബോർഡുകൾ സ്ഥാപിക്കാതെ വെയർഹൗസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന, മര ഉരുപ്പടികളും സോഫകളും ഫർണിച്ചറും നിർമിക്കുന്ന സ്ഥാപനങ്ങളിലും വെൽഡിംഗ് വർക്ക് ഷോപ്പുകളിലുമാണ് റെയ്ഡുകൾ നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനാമി ബിസിനസ് സംശയിക്കപ്പെടുന്ന സ്ഥാപനങ്ങൾ നിർണയിച്ച് പരിശോധനകൾ നടത്തിയത്.
ലൈസൻസില്ലാത്ത ഏതാനും സ്ഥാപനങ്ങൾ പരിശോധനകൾക്കിടെ കണ്ടെത്തി. നിരവധി നിയമ ലംഘകരും റെയ്ഡിനിടെ പിടിയിലായി. നിയമ വിരുദ്ധ സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. ബിനാമി വിരുദ്ധ നിയമം അനുസരിച്ച ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യാൻ ബിനാമി ബിസിനസ് സംശയിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകളെ ബന്ധപ്പെട്ട വകുപ്പുകൾ വിളിപ്പിച്ചു. ബിനാമി ബിസിനസ് സംശയിക്കുന്ന സ്ഥാപനങ്ങളിൽ സുരക്ഷ വകുപ്പുകളുമായി സഹകരിച്ച് റെയ്ഡുകൾ നടത്തുന്നതിന്റെയും നിയമ ലംഘകരെ പിടികൂടുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പുറത്തുവിട്ടു.
മറ്റൊരു സംഭവത്തിൽ, പഴയ സ്‌പോഞ്ച് ശേഖരിച്ച് ഫർണിച്ചർ, കിടക്ക നിർമാണത്തിന് ഉപയോഗിച്ച പതിനാലു നിയമ ലംഘകരെ പിടികൂടിയതായി റിയാദ് നഗരസഭ അറിയിച്ചു. അഞ്ച് വെയർഹൗസുകൾ കേന്ദ്രീകരിച്ച് ഫർണിച്ചർ, കിടക്ക നിർമാണ മേഖലയിലും പ്ലംബിംഗ് മേഖലയിലും പ്രവർത്തിച്ചവരാണ് പിടിയിലായത്. മധ്യറിയാദ് ഡിസ്ട്രിക്ടുകളിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാൻ സ്ഥാപിച്ച സംയുക്ത ഓപറേഷൻ റൂമിന്റെ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ റെയ്ഡുകളിലാണ് നിയമ ലംഘകർ പിടിയിലായതെന്ന് റിയാദ് നഗരസഭ പറഞ്ഞു.