അബുദാബി:സ്‌പോണ്‍സര്‍ അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്താല്‍ വിസ റദ്ദാക്കാമെന്ന് യുഎഇ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. തന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ജീവനക്കാരന്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്‌തെന്ന് കണ്ടെത്തിയാല്‍ സ്‌പോണ്‍സര്‍ക്ക് വിസ റദ്ദാക്കി തൊഴിലാളിയെ പിരിച്ചുവിടാനാണ് മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കിയ തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കാന്‍ പാടില്ല. സ്‌പോണ്‍സര്‍ അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്.
സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ നടപടികള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് പുതിയ സ്ഥലത്ത് ജോലി ചെയ്താലും തൊഴില്‍ കരാര്‍ റദ്ദാക്കി തൊഴിലാളിയെ പിരിച്ചുവിടാം. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് തൊഴില്‍ ഉടമയുടെ അധികാരത്തെക്കുറിച്ച് വിശദീകരിക്കവെയാണ് മന്ത്രാലയം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തൊഴില്‍ കരാറിലെ അടിസ്ഥാന നിയമങ്ങള്‍ ലംഘിച്ചാല്‍ രേഖാമൂലം താക്കീത് നല്‍കണം. രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ലംഘനം ആവര്‍ത്തിച്ചാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കാം. ജോലിയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പരസ്യമാക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്.
മുന്നറിയിപ്പ് നോട്ടീസ് നല്‍കാതെ തൊഴില്‍ കരാര്‍ റദ്ദാക്കി പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുമതിയുള്ള സന്ദര്‍ഭങ്ങളും മന്ത്രാലയം വിശദീകരിച്ചു. വ്യാജ രേഖകള്‍ നല്‍കിയും വേഷം മാറിയും ജോലി തരപ്പെടുത്തിയതാണെന്ന് തെളിഞ്ഞാലും മുന്നറിയിപ്പില്ലാതെ തൊഴില്‍ കരാര്‍ റദ്ദാക്കാം. തൊഴിലുടമയക്ക് ഭീമമായ നഷ്ടം വരുത്തിയാലും മനഃപൂര്‍വം സ്വത്ത് നശിപ്പിച്ചാലും ഇതേ നടപടി സ്വീകരിക്കാം.
ജോലിയുടെയും തൊഴിലിടത്തിന്റെയും സുരക്ഷയ്ക്ക് സ്ഥാപനം സ്വീകരിച്ച ആഭ്യന്തര മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലും തൊഴില്‍ കരാര്‍ റദ്ദാക്കി പിരിച്ചുവിടാം.
തൊഴിലാളി-തൊഴിലുടമ ബന്ധങ്ങള്‍ സംബന്ധിച്ചും തൊഴില്‍ കരാര്‍ സംബന്ധിച്ചും രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ഫെഡറല്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ ബാധകമാണ്. യുഎഇ തൊഴില്‍ നിയമപ്രകാരം അനുവദിക്കുന്ന 30 ദിവസത്തെ വാര്‍ഷിക അവധി ജീവനക്കാരന്‍ സ്വമേധയാ എടുക്കുന്നില്ലെങ്കില്‍ അടുത്ത വര്‍ഷം ഒരുമിച്ച് 45 ദിവസത്തില്‍ കൂടുതല്‍ വാര്‍ഷിക അവധി നല്‍കാന്‍ തൊഴിലുടമയ്ക്ക് നിര്‍ബന്ധ ബാധ്യതയില്ല. എന്നാല്‍ പ്രയോജനപ്പെടുത്താത്ത വാര്‍ഷിക അവധി ദിവസങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി വേതനം ലഭിക്കാന്‍ തൊഴിലാളിക്ക് തൊഴിലുടമയുമായി ധാരണയിലെത്താമെന്നും നിയമവിദഗ്ധര്‍ വിശദീകരിക്കുന്നു.
എന്നാല്‍ തൊഴിലുടമയുടെ താല്‍പര്യപ്രകാരം ഈ വര്‍ഷത്തെ വാര്‍ഷിക അവധി എടുക്കുന്നത് അടുത്ത വര്‍ഷത്തേക്ക് നീട്ടിയാല്‍ 60 ദിവസം അവധി നല്‍കണം. വാര്‍ഷിക അവധി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടഞ്ഞുവയ്ക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ല. അതേസമയം, തൊഴിലുടമയുടെയും തൊഴിലാളിയുടെയും താല്‍പര്യപ്രകാരം വാര്‍ഷിക അവധി വെട്ടിക്കുറച്ച് അതിന് പകരമായി വേതനം കൈപ്പറ്റാവുന്നതാണ്.