ജിദ്ദ – സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി കഴിഞ്ഞ മാസം സ്വദേശങ്ങളിലേക്ക് അയച്ചത് 1,077 കോടി റിയാൽ.
2022 ഓഗസ്റ്റിൽ വിദേശികൾ നിയമാനുസൃത മാർഗങ്ങളിൽ 1,192 കോടി റിയാൽ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം വിദേശികളുടെ റെമിറ്റൻസ് 9.7 ശതമാനം തോതിൽ കുറഞ്ഞതായി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.
ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ വിദേശികൾ അയച്ച പണം 1.3 ശതമാനം തോതിൽ വർധിച്ചു. ജൂലൈയിൽ 1,063 കോടി റിയാലാണ് വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത്.
കഴിഞ്ഞ മാസം വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വദേശികൾ 490 കോടി റിയാൽ വിദേശങ്ങളിലേക്ക് അയച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സ്വദേശികൾ 630 കോടി റിയാൽ വിദേശങ്ങളിലേക്ക് അയച്ചിരുന്നു.
ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം സൗദികൾ അയച്ച പണം 22.5 ശതമാനം തോതിൽ കുറഞ്ഞു.
ജൂലൈ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം സ്വദേശികൾ അയച്ച പണം 15 ശതമാനം തോതിലും കുറഞ്ഞു. ജൂലൈയിൽ 580 കോടി റിയാലാണ് സ്വദേശികൾ വിദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ മാസം സ്വദേശികളും വിദേശികളും അടക്കമുള്ളവർ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആകെ 1,568 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ കൊല്ലം ഓഗസ്റ്റിൽ ഇത് 1,825 കോടി റിയാലായിരുന്നു.