ജിദ്ദ -സൗദിയിൽ കാർ ഫാക്ടറി സ്ഥാപിക്കാൻ വൻകിട കാർ നിർമാണ കമ്പനിയുമായി ചർച്ചകൾ നടത്തിവരുന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് വെളിപ്പെടുത്തി. ഇക്കാര്യത്തിലുള്ള ഫലങ്ങൾ വൈകാതെ പരസ്യപ്പെടുത്തും. ഭൂമിശാസ്ത്രപരമായ സൗദി അറേബ്യയുടെ സ്ഥാനം ഏറെ പ്രധാനമാണ്. രാജ്യത്ത് നിക്ഷേപങ്ങൾ ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നാണിത്. ലക്ഷ്യമിടുന്ന വിപണികളിൽ വേഗത്തിൽ എത്തിപ്പെടാൻ സൗദിയിലെ നിക്ഷേപകരെ പ്രാപ്തരാക്കാൻ സൗദി അറേബ്യക്ക് സാധിക്കും.
റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറി തുറന്നത് സൗദി വ്യവസായ തന്ത്രത്തിലെയും കാർ വ്യവസായ മേഖലയിലെയും പ്രധാന നാഴികക്കല്ലാണ്. പതിനെട്ടു മാസത്തിനുള്ളിൽ ഫാക്ടറി നിർമിച്ച് കാർ നിർമാണം ആരംഭിക്കാൻ ലൂസിഡ് കമ്പനിക്ക് സാധിച്ചു. സൗദിയിലെ നിക്ഷേപ ആകർഷണീയ അന്തരീക്ഷമാണ് ഇത് സൂചിപ്പിക്കുന്നത്. വൻകിട പദ്ധതികൾ നടപ്പാക്കാൻ സൗദി അറേബ്യക്ക് ശേഷിയുണ്ട്.
കാർ നിർമാണത്തിൽ മാത്രമല്ല, വാഹന വ്യവസായ മേഖലയിൽ ശക്തമായ സാന്നിധ്യം തെളിയിക്കാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി ലൂസിഡ് കാർ ഫാക്ടറിയിൽ നിർമിക്കുന്ന ഇലക്ട്രിക് കാറുകളിൽ 85 ശതമാനവും വിദേശങ്ങളിലേക്ക് കയറ്റി അയക്കും. കാർ നിർമാണ, കയറ്റുമതി മേഖലാ കേന്ദ്രമായി സൗദി അറേബ്യ മാറിയെന്നാണ് ഇത് അർഥമാക്കുന്നതെന്നും വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു.
ആദ്യ ഘട്ടത്തിൽ റാബിഗ് ഫാക്ടറിയിൽ പ്രതിവർഷം 5,000 ഇലക്ട്രിക് കാറുകൾ നിർമിക്കും. തുടക്കത്തിൽ കാർ അസംബ്ലി യൂനിറ്റ് എന്നോണമാണ് റാബിഗ് പ്ലാന്റ് പ്രവർത്തിക്കുക. ഭാവിയിൽ പൂർണാർഥത്തിലുള്ള കാർ നിർമാണ ഫാക്ടറിയായി പ്ലാന്റിനെ പരിവർത്തിപ്പിക്കും. ഇതോടെ പ്രതിവർഷം 1,55,000 കാറുകൾ നിർമിക്കാൻ റാബിഗ് ഫാക്ടറിക്ക് ശേഷിയുണ്ടാകും.
സൗദിയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ സീർ കമ്പനിക്ക് കഴിഞ്ഞ ജൂണിൽ വ്യവസായ, ധാതുവിഭവ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിച്ചിരുന്നു. ആദ്യ സൗദി ഇലക്ട്രിക് കാർ ബ്രാൻഡ് ആണ് സീർ. റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ ഇൻഡസ്ട്രിയൽ വാലിയിൽ പത്തു ലക്ഷത്തിലേറെ ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്ഥലത്താണ് സീർ ഫാക്ടറി സ്ഥാപിക്കുന്നത്.
2034 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് സീർ ഫാക്ടറി 3,000 കോടി റിയാൽ സംഭാവന ചെയ്യും. പ്രത്യക്ഷമായും പരോക്ഷമായും സീർ കമ്പനി 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്.
പത്തു വർഷത്തിനുള്ളിൽ ലൂസിഡ് കമ്പനിയിൽ നിന്ന് ഒരു ലക്ഷം ഇലക്ട്രിക് കാറുകൾ വാങ്ങാൻ സൗദി ഗവൺമെന്റ് പ്രകടിപ്പിച്ച പ്രതിബദ്ധത സുസ്ഥിരതക്ക് ഊന്നൽ നൽകുന്നതിലുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് ലൂസിഡ് കമ്പനി സി.ഇ.ഒ പീറ്റർ റോളിൻസൻ പറഞ്ഞു. ഒരു ലക്ഷം കാറുകൾക്ക് സൗദി ഗവൺമെന്റ് ഒപ്പുവെച്ച കരാർ ലൂസിഡ് കമ്പനിയോടുള്ള സൗദി സർക്കാറിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായും പീറ്റർ റോളിൻസൻ പറഞ്ഞു.