അബുദാബി:ബസുമതി ഇതര വെള്ള അരി കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ യു.എ.ഇക്ക് ഇളവ്. യു.എ.ഇയിലേക്ക് 75,000 ടണ്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കി. നാഷണല്‍ കോഓപറേറ്റീവ് എക്സ്പോര്‍ട്ട്സ് ലിമിറ്റഡ് വഴിയാണ് കയറ്റുമതിക്ക് അനുമതിയുള്ളതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി) വിജ്ഞാപനത്തില്‍ അറിയിച്ചു.
ആഭ്യന്തര വിപണയിലെ വിലക്കയറ്റം തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി കഴിഞ്ഞ ജൂലൈ 20 മുതലാണ് അരി കയറ്റുമതി ഇന്ത്യ നിരോധിച്ചത്. മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലും ബന്ധപ്പെട്ട രാജ്യത്തെ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതി നയം ഭേദഗതി ചെയ്യുന്നതെന്ന് ഡി.ജി.എഫ.്ടി അറിയിച്ചു.
സിംഗപ്പൂരിന്റെ ഭക്ഷ്യ സുരക്ഷാ ആവശ്യകത നിറവേറ്റുന്നതിനായി അരി കയറ്റുമതി അനുവദിക്കാന്‍ കഴിഞ്ഞ മാസം ഇന്ത്യ തീരുമാനിച്ചിരുന്നു.
അരി കയറ്റുമതി നിരോധനത്തിൽ ഇളവ്. യുഎഇയിലേക്ക് 75,000 ടൺ അയക്കാൻ അനുമതി
