റിയാദ്:സൗദി അറേബ്യയില്‍ ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വ്യകതികളുടെ അബ്ശിര്‍ പോര്‍ട്ടല്‍ വഴി എടുക്കാനാവുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയായ സദായയുമായി സഹകരിച്ച് സിവില്‍ സ്റ്റാറ്റസ് വിഭാഗമാണ് ഇതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഡിജിറ്റല്‍ ജനന, മരണ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനും എടുക്കാനുമുള്ള സേവനങ്ങളാണ് അബ്ശിറില്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്നായി സിവില്‍ സ്റ്റാറ്റസ് (അഹ്‌വാലുല്‍മദനിയ) ഓഫീസില്‍ പോകേണ്ടതില്ല. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഈ സേവനം ലഭ്യമാണ്. സ്വന്തം ജനന സര്‍ട്ടിഫിക്കറ്റും ആശ്രിതരുടെ സര്‍ട്ടിഫിക്കറ്റും അബ്ശിറില്‍ ലഭ്യമാകും. മരണ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാനും പ്രിന്റ് ചെയ്യാനും ബന്ധുക്കള്‍ക്ക് സാധിക്കും.
ഗുണഭോക്താക്കള്‍ക്ക് സമയവും പ്രയത്‌നവും ലാഭിക്കുന്നതിനും നടപടിക്രമങ്ങള്‍ കുറയ്ക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് സേവന നവീകരണത്തിന്റെ ഭാഗമാണിത്.