മസ്‌കത്ത്:ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ എംവാസലാത്ത് യു.എ.ഇയിലേക്കുള്ള ബസ് സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് അറിയിപ്പ്. ഒമാന്‍ നിവാസികള്‍ക്ക് യു.എ.ഇ തലസ്ഥാനമായ അബുദാബിയിലേക്കും അല്‍ ഐനിലേക്കും യാത്രാ കണക്ഷനുകള്‍ ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സര്‍വീസ് നിര്‍ത്തുന്നതിന് മുമ്പ് ദുബായ്ക്കും മസ്‌കറ്റിനും ഇടയില്‍ എംവാസലാത്ത് സര്‍വീസ് നടത്തിയിരുന്നു.
മസ്‌കത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള വണ്‍വേ ടിക്കറ്റിന് 23 കിലോഗ്രാം ലഗേജ് അലവന്‍സിനൊപ്പം 11.5 ഒമാനി റിയാലാണ് (ദിര്‍ഹം 109) നിരക്ക്. കൂടാതെ, യാത്രക്കാര്‍ക്ക് 7 കിലോഗ്രാം ഹാന്‍ഡ് ബാഗേജ് അലവന്‍സ് കൊണ്ടുപോകാം.
മസ്‌കത്തിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന തനിക്ക് ഈ വാര്‍ത്ത ആശ്വാസമാണെന്ന് അബുദാബിയിലെ വ്യവസായി അതീഖ് അഹമ്മദ് പറഞ്ഞു. ഈ ദിവസങ്ങളില്‍ ഒമാനിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു
അബുദാബിയില്‍ നിന്ന് മസ്‌കത്തിലേക്കുള്ള യാത്രയുടെ ദൈര്‍ഘ്യം ഏകദേശം 4 മണിക്കൂറും 47 മിനിറ്റും എടുക്കും. ‘ഇമിഗ്രേഷനും മറ്റ് സേവനങ്ങളും കണക്കിലെടുത്ത് യാത്ര ഏകദേശം ആറ് മണിക്കൂര്‍ പ്രതീക്ഷിക്കാം,’ ഒമാനില്‍ നിന്ന് യു.എ.ഇയിലേക്ക് പതിവായി യാത്ര ചെയ്യുന്ന പ്രസാദ് പറഞ്ഞു.
‘ഇതൊരു വലിയ വാര്‍ത്തയാണ്! ബസ് യാത്ര വളരെ മനോഹരമാണ്. ഒമാനില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഇപ്പോള്‍ അബുദാബിയിലെ അത്ഭുതങ്ങള്‍ സന്ദര്‍ശിക്കാം, യുഎഇ നിവാസികള്‍ക്ക് ഒമാന്റെ പ്രകൃതി ഭംഗി ആസ്വദിക്കാം,’ പ്രസാദ് പറഞ്ഞു.