ജിദ്ദ:ഫാർമസി മേഖലയിൽ സൗദിവൽക്കരണം വൻ വിജയമാണെന്നും ഈ മേഖലയിൽ ഇപ്പോൾ 10,631 സൗദി ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്നതായും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് മുഹമ്മദ് അൽരിസ്ഖി പറഞ്ഞു. ജനുവരി ആദ്യം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലത്ത് 1,300 ലേറെ സൗദി ഫാർമസിസ്റ്റുകൾക്ക് സ്വകാര്യ ഫാർമസികളിൽ തൊഴിൽ ലഭിച്ചു.
2020 ആദ്യത്തിലാണ് ഫാർമസി മേഖലയിൽ സൗദിവൽക്കരണം നിർബന്ധമാക്കാനുള്ള തീരുമാനം മന്ത്രാലയം പ്രഖ്യാപിച്ചത്. നാലു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സൗദി ഫാർമസിസ്റ്റുകളുടെ എണ്ണം ഏഴിരട്ടിയിലേറെ വർധിച്ചു. 2020 ആദ്യത്തിൽ സ്വകാര്യ ഫാർമസികൾ 1,266 സൗദി ഫാർമസിസ്റ്റുകളാണുണ്ടായിരുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ മേഖലയിൽ 10,631 സ്വദേശി ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്നുണ്ട്.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചും തൊഴിൽ വിപണിയിലെ സ്ഥിതിഗതികളെ കുറിച്ച് ആഴത്തിലുള്ള പഠനം നടത്തിയുമാണ് ഫാർമസി മേഖലയിൽ പടിപടിയായി സൗദിവൽക്കരണം നിർബന്ധമാക്കിയത്. തുടക്കത്തിൽ 30 ശതമാനം സൗദിവൽക്കരണമാണ് നിർബന്ധമാക്കിയത്. സ്വദേശി ഫാർമസിസ്റ്റുകളുടെ മിനിമം വേതനം 7,000 റിയാലായി നിശ്ചയിക്കുകയും ചെയ്തു. ഏഴായിരം റിയാലിൽ കുറവ് വേതനം ലഭിക്കുന്ന സൗദി ഫാർമസിസ്റ്റുകളെ സൗദിവൽക്കരണ അനുപാതം കണക്കാക്കുമ്പോൾ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരായി പരിഗണിക്കില്ല. സ്വദേശി യുവതീയുവാക്കൾക്ക് കൂടുതൽ ഉത്തേജകവും ഉൽപാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായി, ഭാവിയിൽ ഫാർമസി കോഴ്‌സുകളിൽ ബിരുദം നേടി പുറത്തിറങ്ങുന്നവരെ കൂടി ഉൾക്കൊള്ളാൻ സാധിക്കുന്നതിന് ഉചിതമായ നിലയിൽ സൗദിവൽക്കരണ അനുപാതം ഉയർത്തുന്നതിനെ കുറിച്ച് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇപ്പോൾ പഠിച്ചുവരികയാണ്.
സ്വകാര്യ ആശുപത്രികളിലും പോളിക്ലിനിക്കുകളിലും മരുന്ന് ഫാക്ടറികളിലും കമ്പനികളിലും ഫാർമസികളിലുമായി സൗദി ഫാർമസിസ്റ്റുകൾക്ക് വലിയ തോതിൽ അവസരങ്ങൾ ലഭ്യമാണ്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നിരന്തര പരിശോധനകൾ നടത്തി സ്ഥാപനങ്ങൾ സൗദിവൽക്കരണ തീരുമാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. പുതുതായി നിയമിക്കുന്ന സൗദി ജീവനക്കാരുടെ വേതന വിഹിതം മാനവശേഷി വികസന നിധി വഴി നിശ്ചിത കാലത്തേക്ക് വഹിക്കൽ അടക്കം സൗദി ഫാർമസിസ്റ്റുകൾക്ക് ജോലി നൽകാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രോത്സാഹനങ്ങളും പിന്തുണയും നൽകുന്നുണ്ടെന്നും മുഹമ്മദ് അൽരിസ്ഖി പറഞ്ഞു.