GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുട്ടിക്ക് സീറ്റ് നിഷേധിച്ച സംഭവം: മലയാളി കുടുംബത്തിന് 33,000 രൂപ നഷ്ടപരിഹാരം നൽകി സ്പൈസ് ജെറ്റ്

കോഴിക്കോട്: സ്പൈസ് ജെറ്റ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സീറ്റ് നിഷേധിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകി കമ്പനി. ഈ മാസം 12-ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് പോയ സ്പൈസ് ജെറ്റിൻ്റെ എസ്.ജി 35 വിമാനത്തിൽ യാത്ര ചെയ്ത മാതാവിനും കുട്ടിക്കുമാണ് സീറ്റ് നിഷേധിക്കപ്പെട്ടത്. ഉംറ വിസയിൽ ഉമ്മയോടൊപ്പം യാത്ര ചെയ്ത സൈഹ എന്ന രണ്ട് വയസ്സുള്ള കുട്ടിക്ക് ആണ് സീറ്റ് കിട്ടാതെ പോയത്. സീറ്റ് ബുക്ക് ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയിട്ടും വിമാനജീവനക്കാർ സീറ്റ് നിഷേധിക്കുകയായിരുന്നു. തുടർന്ന് മാതാവിൻ്റെ മടിയിലിരുന്നാണ് കുട്ടി ജിദ്ദ വരെ സഞ്ചരിച്ചത്.

കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ ടിക്കറ്റ് നിരക്ക് അടക്കം 33000 രൂപ സ്പൈസ് ജെറ്റ് കുടുംബത്തിന് നഷ്ടപരിഹാരമായി നൽകുകയായിരുന്നു. ഭാവിയിൽ സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ 33000 രൂപയുടെ വൌച്ചർ വിമാനക്കമ്പനിയിൽ നിന്നും ലഭിച്ചതായി പരാതിക്കാരായ കുടുംബം അറിയിച്ചു. മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് നൽകി സീറ്റ് ബുക്ക് ചെയ്തിട്ടും ബോർഡിംഗ് പാസ്സിൽ സീറ്റ് നമ്പർ ഉണ്ടായിട്ടും കുട്ടിക്ക് ഇരിക്കാൻ സീറ്റ് ലഭിച്ചില്ലെന്നും യാത്രയിലുടനീളം കുഞ്ഞുമായി സഞ്ചരിക്കേണ്ടി വന്നുവെന്നും ടിക്കറ്റും ബോർഡിംഗ് പാസ്സുംമറ്റു വീഡിയോ ദൃശ്യങ്ങളും സഹിതം മാതാവ് സൌദി സിവിൽ ഏവിയേഷൻ അതോറിറ്റിക്കും സ്പൈസ് ജെറ്റിനും പരാതി നൽകുകയായിരുന്നു.

തുടർന്ന് സ്പൈസ് ജെറ്റ് ആസ്ഥാനത്ത് നിന്നും നേരിട്ട് കുടുംബത്തെ ബന്ധപ്പെട്ടു വിവരങ്ങൾ തേടി. വിമാനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോടും ട്രാവൽ ഏജൻസിയോടും സ്പൈസ് ജെറ്റ് കമ്പനി വിശദീകരണം തേടി. ഇതിനെല്ലാം ശേഷമാണ് കുടുംബം നേരിട്ട മോശം അനുഭവത്തിന് സ്പൈസ് ജെറ്റ് മാപ്പ് പറഞ്ഞതും നഷ്ടപരിഹാരം നൽകാൻ തയ്യാറായതും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!