GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റോഹിൻഗ്യൻ അഭയാർഥികൾക്കു വിദ്യാഭ്യാസ, പാർപ്പിട പദ്ധതികൾ നടപ്പാക്കി സൗദി

ജിദ്ദ:ഭരണകൂട വേട്ടക്കിരയായി മ്യാന്മറിൽ നിന്ന് ബംഗ്ലാദേശിലേക്കും മറ്റു രാജ്യങ്ങളിലേക്കും ജീവനും കൊണ്ടോടിയ റോഹിൻഗ്യൻ അഭയാർഥികൾക്കു വേണ്ടി സൗദി വിദ്യാഭ്യാസ, പാർപ്പിട പദ്ധതികൾ നടപ്പാക്കി. ഏതാനും വർഷങ്ങൾക്കിടെ സൗദി അറേബ്യ ഇവർക്കു വേണ്ടി 18.6 കോടി അമേരിക്കൻ ഡോളർ ചെലവഴിച്ച് 43 പദ്ധതികൾ നടപ്പാക്കിയതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ.അബ്ദുല്ല അൽറബീഅ വെളിപ്പെടുത്തി.
ന്യൂയോർക്കിൽ 78-ാമത് യു.എൻ ജനറൽ അസംബ്ലിയോടനുബന്ധിച്ച് റോഹിൻഗ്യൻ പ്രതിസന്ധി വിശകലനം ചെയ്യാൻ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ.അബ്ദുല്ല അൽറബീഅ. റോഹിൻഗ്യൻ അഭയാർഥികളെ ലക്ഷ്യമിട്ട് അടിയന്തര റിലീഫ്, വിദ്യാഭ്യാസ, ആരോഗ്യ, പാർപ്പിട പദ്ധതികളാണ് സൗദി അറേബ്യ നടപ്പാക്കിയത്.
മ്യാന്മറിൽ റോഹിൻഗ്യൻ മുസ് ലിംകളെ ലക്ഷ്യമിട്ട് കലാപം പൊട്ടിപ്പുറപ്പെട്ടതു മുതൽ ഇതുവരെ 2,60,000 അഭയാർഥികളെ സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ട്. ഇവർക്ക് ആരോഗ്യ പരിചരണങ്ങളും തൊഴിലവസരങ്ങളും നൽകുന്നു. അഭയാർഥികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും നൽകുന്നു. ഇതിന് 225 കോടി ഡോളർ ഇതുവരെ ചെലവഴിച്ചിട്ടുണ്ട്. സ്വന്തം നാട്ടിൽ സമാധാനത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം ലഭിക്കുന്നതു വരെ ആഗോള സമൂഹവുമായി ചേർന്ന് റോഹിൻഗ്യകൾക്കുള്ള പിന്തുണ സൗദി അറേബ്യ തുടരും.
ബംഗ്ലാദേശിൽ കഴിയുന്ന റോഹിൻഗ്യൻ അഭയാർഥികൾക്കുള്ള സഹായങ്ങളും സൗദി അറേബ്യ തുടരും. നിരവധി റോഹിൻഗ്യൻ അഭയാർഥികൾക്ക് ആതിഥേയത്വം നൽകിയ ബംഗ്ലാദേശിനുള്ള സൗദി അറേബ്യയുടെ നന്ദിയും പ്രശംസയും അറിയിക്കുന്നതായും ഡോ.അബ്ദുല്ല അൽറബീഅ പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദ് യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!