ജിദ്ദ:റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ സ്ഥാപിച്ച ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറിക്ക് ഇക്കണോമിക് സിറ്റീസ് ആന്റ് സ്‌പെഷ്യൽ സോൺസ് അതോറിറ്റി പെർമിറ്റ് അനുവദിച്ചു. ഫാക്ടറിയിൽ ഉൽപാദനം ആരംഭിക്കാനുള്ള ഔദ്യോഗിക അനുമതിയും നൽകിയിട്ടുണ്ട്. ഇലക്ട്രിക് കാർ നിർമാണ മേഖലയിൽ ആഗോള കേന്ദ്രമെന്നോണം സൗദി അറേബ്യയുടെ പരിവർത്തനം ഇത് വേഗത്തിലാക്കും. കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ പ്രത്യേക സാമ്പത്തിക മേഖലകൾക്ക് മാസങ്ങൾക്കു മുമ്പ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സമാരംഭം കുറിച്ചിരുന്നു.
കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആഗോള മാനദണ്ഡങ്ങളോടെ ഇലക്ട്രിക് കാർ വ്യവസായ യൂനിറ്റ് സ്ഥാപിച്ചത് സൗദിയിൽ സ്‌പെഷ്യൽ ഇക്കണോമിക് സോണുകളുടെ കാര്യക്ഷമതയും ശേഷികളും സൗദിയിലെ മികച്ച ബിസിനസ് അന്തരീക്ഷവും നിക്ഷേപകർക്ക് പിന്തുണ നൽകാനുള്ള സർക്കാർ പ്രതിബദ്ധതയുമാണ് വ്യക്തമാക്കുന്നതെന്ന് ഇക്കണോമിക് സിറ്റീസ് ആന്റ് സ്‌പെഷ്യൽ സോൺസ് അതോറിറ്റി സെക്രട്ടറി ജനറൽ നബീൽ ഖോജ പറഞ്ഞു.
കാർ ഫാക്ടറിക്ക് ഔദ്യോഗിക ലൈസൻസ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ലൂസിഡ് കമ്പനി വൈസ് പ്രസിഡന്റ് ഫൈസൽ സുൽത്താൻ പറഞ്ഞു. സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് കാർ ഫാക്ടറിയും ലൂസിഡ് കമ്പനി അമേരിക്കക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യത്തെ കാർ ഫാക്ടറിയുമാണിതെന്ന് ഫൈസൽ സുൽത്താൻ പറഞ്ഞു. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ലൂസിഡ് കമ്പനിയിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.