ജിദ്ദ:ടെലികോം, ഐ.ടി വിപണിയിൽ സൗദിവൽക്കരണം 64 ശതമാനമായി ഉയർന്നതായി കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയ റിപ്പോർട്ട് പറഞ്ഞു. വിപണിയിൽ വനിത പങ്കാളിത്തം 33 ശതമാനമായും ഉയർന്നിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ ഡിജിറ്റൽ, ടെക്‌നോളജി വിപണിയായി സൗദിയിലെ ടെലികോം, ഐ.ടി വിപണി മാറിയിട്ടുണ്ട്. സൗദി ടെലികോം, ഐ.ടി വിപണിയുടെ ശേഷി 15,400 കോടി റിയാലാണ്. ഇത് മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടെലികോം, ഐ.ടി വിപണിയുടെ സംഭാവന വർധിപ്പിക്കാനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തമാക്കാനും വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുന്നു. ടെലികോം വിപണിയുടെ ശേഷി 7300 കോടി റിയാലും ഐ.ടി വിപണിയുടെ ശേഷി 8100 കോടി റിയാലുമാണ്.
സൗദിയിലെ 88 ശതമാനം ഗ്രാമപ്രദേശങ്ങളിലും ബ്രോഡ്ബാന്റ് കവറേജ് ലഭ്യമാണ്. രാജ്യത്തെ 98 ശതമാനം ജനവാസ പ്രദേശങ്ങളിലും 4ജി നെറ്റ്‌വർക്ക് സേവനവും ലഭ്യമാണ്. ടെലികോം, ഐ.ടി വിപണിയിൽ പുതുതായി 24,000 സ്വദേശി യുവതീയുവാക്കൾക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. ടെലികോം, ഐ.ടി വിപണിയുമായി ബന്ധപ്പെട്ട തൊഴിൽ പരിശീലന പദ്ധതികൾ ഇതുവരെ 3,20,000 സ്വദേശി യുവതീയുവാക്കൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്.