അബുദാബി:റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡ് തകരാതെ സംരക്ഷിക്കുന്നതിനുമായി യു.എ.ഇ സര്‍ക്കാര്‍ ദേശീയ റോഡുകളിലൂടെ ഓടുന്ന ഹെവി വാഹനങ്ങളുടെ അനുവദനീയമായ പരമാവധി ഭാരം 65 ടണ്‍ ആയി നിശ്ചയിച്ചു.
സെപ്റ്റംബര്‍ നാലിന് പ്രഖ്യാപിച്ച പുതിയ ഫെഡറല്‍ നിയമം ഈ വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 2024 ഫെബ്രുവരി 1 മുതല്‍ പിഴ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഹെവി വാഹന ഉടമകള്‍ക്കും കമ്പനികള്‍ക്കും പുതിയ നിയമവുമായി പൊരുത്തപ്പെടുന്നതിന് നാല് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും.
യുഎഇയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗതാഗതം, ലോജിസ്റ്റിക് മേഖലകള്‍ മെച്ചപ്പെടുത്തുന്നതിനാണ് നിയമം ലക്ഷ്യമിടുന്നതെന്ന് ബുധനാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഊര്‍ജ, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്‌റൂയി പറഞ്ഞു. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതവും സാങ്കേതികമായി പുരോഗമിച്ചതുമായ ഒന്നാണെന്ന് ഉറപ്പാക്കുകയും ചെയ്യും.
അതിര്‍ത്തി കടക്കുന്ന ട്രക്കുകള്‍ ഉള്‍പ്പെടെ 150,000 ഭാരവാഹനങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അല്‍ മസ്‌റൂയി കൂട്ടിച്ചേര്‍ത്തു. സെക്യൂരിറ്റി, മിലിട്ടറി, പോലീസ്, സിവില്‍ ഡിഫന്‍സ് അധികൃതരുടെ ഉടമസ്ഥതയിലുള്ള ഹെവി വാഹനങ്ങളെ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.