റിയാദ്:സ്വകാര്യ സന്ദര്‍ശനത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്നലെ വൈകുന്നേരം ഒമാനിലെത്തി. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷമാണ് രാജകുമാരന്‍ മസ്‌ക്കത്തിലെത്തിയത്. ഇന്ത്യ നല്‍കിയ ഉജ്ജ്വല സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും കിരീടാവകാശി നന്ദി പറഞ്ഞു.
ഞാന്‍ നിങ്ങളുടെ സൗഹൃദ രാജ്യം വിടുമ്പോള്‍, എനിക്കും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും നിങ്ങളുടെ രാജ്യത്തോട് എന്റെ വലിയ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.
നിങ്ങളുടെ രാജ്യവുമായി ഞാന്‍ നടത്തിയ ഔദ്യോഗിക ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢബന്ധത്തിന്റെ ശക്തിസ്ഥിരീകരിക്കുന്നതാണ്. ഇരു രാജ്യങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ കൈവരിക്കുന്ന തരത്തില്‍ എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ശക്തമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
സൗദി ഇന്ത്യന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തില്‍ നാം എത്തിച്ചേര്‍ന്ന അനുകൂല ഘടകങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. നിങ്ങളുടെ അധ്യക്ഷതയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ എടുത്ത എല്ലാ നല്ല തീരുമാനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഗ്രൂപ്പിലെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തെ പിന്തുണയ്ക്കുന്നതിനും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നതിനും ഈ തീരുമാനങ്ങള്‍ ഗണ്യമായ സംഭാവന നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ നാടിനും സമൂഹത്തിനും ആരോഗ്യവും സന്തോഷവും പുരോഗതിയും സമൃദ്ധിയും നേരുന്നു. കിരീടാവകാശി കുറിച്ചു.