റിയാദ്:ഭൂകമ്പം നാശം വിതച്ച മോറോക്കോയിലേക്ക് സൗജന്യകോളുകൾ പ്രഖ്യാപിച്ച് സൗദി ടെലികോം കമ്പനി. തിങ്കളാഴ്ച പുലർച്ചെ 12 മുതൽ രാത്രി 12 വരെ 24 മണിക്കൂർ സമത്തേക്കാണ് സൗജന്യ കോളുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. എസ്.ടി.സി, സവാ, ജാവി ഉപഭോക്താക്കൾക്കു മാത്രമായിരിക്കും ഈ ആനൂകൂല്യം ലഭിക്കുക. ഭൂകമ്പത്തിൽ തകർന്നടിഞ്ഞ സ്വദേശത്തെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും വിളിക്കുന്നതിനും വിവരങ്ങളറിയുന്നതിനും സഹായകരമാകുന്നതിനാണ് സൗജന്യ കോളുകൾ പ്രഖ്യാപിച്ചതെന്നും എല്ലാവരും സുരക്ഷിതരായിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും സവ, ജാവി ഉപഭോക്താക്കൾക്കയച്ച ടെക്സ്റ്റ് മെസേജിൽ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഭൂകമ്പത്തിൽ രണ്ടായിരത്തിലേറെ പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് സൗദി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.