ദുബായ്:ദുബായില്‍ വന്‍ ജലഗതാഗത വികസന പദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സമുദ്ര ഗതാഗത ശൃംഖലയുടെ 188 ശതമാനം വികസിപ്പിക്കുന്ന പദ്ധതിക്ക് അദ്ദേഹം അംഗീകാരം നല്‍കി. നിലവിലെ 1.4 കോടിയില്‍നിന്ന് യാത്രക്കാരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ത്രീ ഡി പ്രിന്റഡ് ഇലക്ട്രിക് അബ്ര നിര്‍മിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിക്കുമെന്ന് ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. കൂടാതെ ഡ്രൈവറില്ലാ ഇലക്ട്രിക് അബ്ര പുറത്തിറക്കുന്നതിനുള്ള പരീക്ഷണങ്ങളും നടക്കുന്നു. ഏഴ് വര്‍ഷത്തിനകം ഗതാഗത ശൃംഖലയുടെ ദൈര്‍ഘ്യം 55 കി.മീയില്‍നിന്ന് 158 ആയി നീട്ടാനും പദ്ധതിയുണ്ട്.
ദുബായ് ക്രീക്, വാട്ടര്‍ കനാല്‍ പദ്ധതികള്‍ക്കൊപ്പം മറൈന്‍ സ്റ്റേഷനുകളുടെ എണ്ണം 79 ആയി ഉയര്‍ത്തും. നിലവില്‍ 48 സ്റ്റേഷനുകളാണ് ഉള്ളത്. പാസഞ്ചര്‍ ലൈനുകളുടെ എണ്ണം ഏഴില്‍ നിന്ന് 35 ആയി ഉയരും. ദുബായ് മറീനയിയിലെ സ്റ്റേഷനുകള്‍ പാം ഐലന്‍ഡിന്ചുറ്റുമുള്ള സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും. യാത്രക്കാരെ ദുബായ് കനാലിലേക്കും ബിസിനസ് ബേയിലേക്കും ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റ് ഏരിയകളിലേക്കും ജദ്ദാഫ് ക്രീക് ഹാര്‍ബറിലേക്കും കൊണ്ടുപോകുമെന്നും ആര്‍.ടി.എ അറിയിച്ചു. ഷിന്ദഗ, അല്‍ഗുബൈബ സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള പഴയ ദുബായ് ഏരിയയില്‍നിന്ന് അല്‍ മംസാര്‍, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമാക്കും.
ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് 20 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് അബ്രകളും വ്യാപകമാക്കും. ത്രീഡി പ്രിന്റിംഗ് പദ്ധതി നിര്‍മാണ സമയം 90 ശതമാനവും ചെലവ് 30 ശതമാനവും ലാഭിക്കാം. എട്ട് യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ സ്വയം നിയന്ത്രിത ഇലക്ട്രിക് അബ്രകളും ദുബായ് തീരങ്ങളില്‍ സജീവമാകും. അല്‍ ജദ്ദാഫ് സ്‌റ്റേഷനും ദുബായ് ഫെസ്റ്റിവല്‍ സിറ്റി മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റേഷനും ഇടയ്ക്കാണ് ഇവയുടെ സേവനം. ഇവയ്ക്ക് പരമാവധി ഏഴ് നോട്ടിക് മൈല്‍ വേഗമുണ്ടാകും. യു.എ.ഇയിലെ ആദ്യ ഇമറാത്തി വനിതാ ക്യാപ്റ്റന്‍ ഹനാദി അല്‍ ദോസരിയുമായും ശൈഖ് ഹംദാന്‍ ചര്‍ച്ച നടത്തി.