യാമ്പു: യുനെസ്‌കോയുടെ ആഗോള പഠന കേന്ദ്ര പദവി യാമ്പു ഇൻഡസ്ട്രിയൽ സിറ്റിക്ക് ലഭിച്ചു. ഈ പദവി ലഭിക്കുന്ന സൗദി അറേബ്യയിലെ രണ്ടാമത്തെ നഗരമാണിത്. 2020 ൽ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിക്കാണ് ആദ്യമായി ഈ പദവി ലഭിച്ചത്.
2023 ഫെബ്രുവരിയിൽ ജുബൈലിനും യാമ്പുവിനുമുള്ള റോയൽ കമ്മീഷൻ നേടിയ നേട്ടങ്ങളെ അടിസ്ഥാനമാക്കി യാമ്പുവിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് ഒന്നാം സ്ഥാനവും ജുബൈലിലെ പൊതുവിദ്യാഭ്യാസത്തിന് രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. ജുബൈൽ യാമ്പു റോയൽ കമ്മീഷൻ ് ലോകാടിസ്ഥാനത്തിൽ തന്നെ മികച്ച വിദ്യാഭ്യാസമാണ് പ്രദേശവാസികൾക്ക് നൽകിയത്.
2030 നകം ലോകത്ത് സുസ്ഥിര വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഐക്യരാഷ്ട്ര സഭ വിദ്യാഭ്യാസം, ശാരീരിക, മാനസിക ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ലിംഗ സമത്വം, അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്‌കരണം, ദാരിദ്ര്യ നിർമാർജനം തുടങ്ങി വ്യക്തിത്വ വികസനം വരെയുള്ള 17 മേഖലകളിൽ സുസ്ഥിര വികസനമാണ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ മാതൃകയായി അവതരിപ്പിക്കുന്ന നഗരങ്ങളാണ് ആഗോള പഠന നഗര ശൃംഖലയിൽ ഉൾപ്പെടുന്നത്.