റിയാദ്:സൗദി സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 123 കമ്പനികളിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ വിദേശ നിക്ഷേപകർ 775 മില്യൺ റിയാൽ മൂല്യമുള്ള 26.9 മില്യൺ ഓഹരികൾ വാങ്ങിയെന്നും 113 കമ്പനികളിലെ 1742 മില്യൺ റിയാൽ മൂല്യമുള്ള 60.7 മില്യൺ ഓഹരികൾ വിൽപന നടത്തിയെന്നും സ്റ്റോക്ക് മാർക്കറ്റ് റിപ്പോർട്ട് വെളിപ്പെടുത്തി. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഏഴ് വരെയുള്ള തീയതികളിലാണ് ഈ മാറ്റങ്ങൾ നടന്നത്. 60 കമ്പനികളിലെ ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
ഇനായ കമ്പനിയിലാണ് വിദേശികൾ ഏറ്റവുമധികം നിക്ഷേപം നടത്തിയത്. മുൻ ആഴ്ചയേക്കാൾ 1.7 ശതമാനം വർധിച്ച് 7.35 ശതമാനമായി ഉയർന്നു. 44 ലക്ഷം റിയാലിന്റെ 3,91,000 ഓഹരികളാണ് വാങ്ങിയത്. ഇഅ്മാർ കമ്പനിയിലാണ് ഏറ്റവും കുറഞ്ഞ നിക്ഷേപമുണ്ടായത്. 0.84 ശതമാനം ഓഹരി കുറഞ്ഞ് 6.62 ശതമാനത്തിലെത്തി. ഓഗസ്റ്റ് 31 ന് ഇത് 7.46 ശതമാനമായിരുന്നു. 76.5 മില്യൺ റിയാൽ മൂല്യമുള്ള 9.5 മില്യൺ ഓഹരി വിൽപന നടത്തി.