റിയാദ്- റിയാദ്, ജിദ്ദ നഗരങ്ങളില്‍ വര്‍ഷങ്ങളോളം സര്‍വീസ് നടത്തിയിരുന്ന ലൈന്‍ ബസുകള്‍ 30 ദിവസത്തിനകം ഏല്‍പ്പിക്കണമെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബസുടമകളോട് ആവശ്യപ്പെട്ടു. ഈ ബസുകള്‍ നേരത്തെ തന്നെ ഏല്‍പ്പിക്കാന്‍ ഉടമകളോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ചിലര്‍ അവരുടെ ബസുകളെ ഏല്‍പ്പിച്ചിട്ടില്ല. ഇവര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ബസുകള്‍ കൈമാറണമെന്നാണ് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈന്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിനും പകരം ജിദ്ദയിലും റിയാദിലും ആധുനിക ഗതാഗത സേവനം ഏര്‍പ്പെടുത്തുന്നതിനും 2017 ഒക്‌ടോബര്‍ 31 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. കാലപ്പഴക്കം മൂലം പഴകിപ്പൊളിഞ്ഞ ബസുകളാണ് ലൈന്‍ ബസ് സര്‍വീസിന് ഉപയോഗിച്ചിരുന്നത്. ഇക്കാര്യം കണക്കിലെടുത്താണ് രാജ്യത്ത് ദൃശ്യമായ അഭിവൃദ്ധിക്കും പുരോഗതിക്കും അനുസൃതമായി ആധുനിക ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചത്. തുടര്‍ന്ന് ലൈന്‍ ബസ് സര്‍വീസുകള്‍ക്കു പകരം പുതിയ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, റിയാദ് വികസന അതോറിറ്റി, മെട്രോ ജിദ്ദ കമ്പനി എന്നിവയെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ലൈന്‍ ബസ് ഉടമകളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതിഗതികള്‍ വിശദമായി പഠിക്കാനും ഈ കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു.
സാപ്റ്റ്‌കോ കമ്പനിയില്‍ ആകര്‍ഷമായ വേതനത്തിന് ഡ്രൈവര്‍ ജോലി, പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമൂഹിക വികസന ബാങ്കില്‍ നിന്ന് വായ്പ, അവശരായ ഡ്രൈവര്‍മാര്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതി വഴി പ്രതിമാസ സാമ്പത്തിക സഹായം എന്നീ മൂന്നു നിര്‍ദേശങ്ങളാണ് ലൈന്‍ ബസ് ഉടമകള്‍ക്കു മുന്നില്‍ കമ്മിറ്റി മുന്നോട്ടുവെച്ചത്. ഇതനുസരിച്ച് ബസുകള്‍ ഏല്‍പ്പിക്കാന്‍ ഉടമകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.