റിയാദ്:സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ റിപ്പോര്‍ട്ട്. 222ല്‍ അതിവേഗം വളര്‍ന്ന ജി20 സമ്പദ്‌വ്യവസ്ഥയും സൗദിയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 2022 അവസാനത്തോടെ 4.8 ശതമാനമായി കുറഞ്ഞു. കോവിഡ്19 കാലത്തെ ഒമ്പത് ശതമാനത്തില്‍ നിന്നാണ് 2022 അവസാനത്തോടെ 4.8 ശതമാനമായി കുറഞ്ഞത്. ഇത് സ്വകാര്യ മേഖലയില്‍ സൗദി തൊഴിലാളികളുടെയും വിദേശ തൊഴിലാളികളുടെയും മടങ്ങിവരവിനെയാണ് പ്രതിഫലിപ്പിക്കുന്നത്. പ്രധാനമായും നിര്‍മ്മാണ, കാര്‍ഷിക മേഖലകള്‍ കോവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങുകയാണ്.
സൗദി അറേബ്യ ലോകമെമ്പാടുമുള്ള വിപണികളിലേക്ക് ഗോതമ്പ്, ഈത്തപ്പഴം, പാലുല്‍പ്പന്നങ്ങള്‍, മുട്ട, മത്സ്യം, കോഴി, പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ എന്നിവ കയറ്റുമതി ചെയ്യുന്നു. ഒരു കാലത്ത് സൗദി ഭക്ഷണത്തിന്റെ പ്രധാന ഘടകമായിരുന്ന ഈത്തപ്പഴം ഇപ്പോള്‍ ആഗോള മാനുഷിക സഹായത്തിനായാണ് പ്രധാനമായും വിളവെടുക്കുന്നത്.
2022ല്‍ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 16.8 ശതമാനമായി കുറഞ്ഞു, അതേസമയം തൊഴില്‍ സേനയിലെ സ്ത്രീ പങ്കാളിത്തം 36 ശതമാനത്തിലെത്തി. സൗദി വിഷന്‍ 2030 പരിഷ്‌ക്കരണ അജണ്ട പ്രകാരം നിശ്ചയിച്ച 30 ശതമാനം ലക്ഷ്യത്തേക്കാള്‍ കൂടുതലാണിത്.
രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ച 8.7 ശതമാനത്തിലെത്തി. എണ്ണ ഉല്‍പ്പാദനവും 4.8 ശതമാനം എണ്ണ ഇതര ജിഡിപിയുമാണ് കാരണം. ശക്തമായ സ്വകാര്യ ഉപഭോഗവും എണ്ണ ഇതര സ്വകാര്യ നിക്ഷേപവും സമ്പദ് ഘടനയുടെ വളര്‍ച്ചക്ക് സഹായകമായതായി റിപ്പോര്‍ട്ട് പറയുന്നു.
മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, നിര്‍മ്മാണം, ഗതാഗതം എന്നിവയാണ് എണ്ണ ഇതര വളര്‍ച്ചയെ നയിക്കുന്ന പ്രധാന മേഖലകള്‍. 2023ല്‍ എണ്ണ ഇതര വളര്‍ച്ചാ നിരക്ക് ഉയരുമെന്നും എഎംഎഫ് റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
പണപ്പെരുപ്പ നിരക്ക് താഴ്ന്ന നിലയില്‍ തുടരുമെന്നും ഇനിയും കുറയുമെന്നും പ്രതീക്ഷിക്കുന്നു.
സൗദി അറേബ്യയുടെ ഘടനാപരമായ പരിഷ്‌കരണ അജണ്ടയിലുള്ള കാര്യമായ പുരോഗതി, പ്രത്യേകിച്ച് സ്ത്രീ തൊഴില്‍ പങ്കാളിത്തത്തിലെ പുരോഗതി, ബിസിനസ് അന്തരീക്ഷത്തിലെ പുരോഗതി എന്നിവ ഐഎംഎഫ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് രേഖപ്പെടുത്തി. ഉയര്‍ന്ന സ്വകാര്യമേഖല നിക്ഷേപത്തിന് സംഭാവന നല്‍കുകയും പോസിറ്റീവ് പുരോഗതി പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ബാങ്കിംഗ് മേഖല ശക്തമായി തുടരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.